മലപ്പുറം : ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു. മലപ്പുറം മമ്പാട്ടാണ് മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. അവശനിലയിലായ കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പ്രവശിപ്പിച്ചു.
സംഭവത്തില്‍ തമിഴ്നാട് കടലൂര്‍ വിരുത്താചലം സ്വദേശിയെ(35)യും ഭാര്യയെ(28)യും പൊലീസ് അറസ്റ്റ് ചെയ്തു.കുട്ടികളുടെ ശരീരത്തില്‍ മുറിവും മര്‍ദനമേറ്റ പാടുകളും പെണ്‍കുട്ടിയുടെ മുഖത്ത് നീര്‍ക്കെട്ടും ഉണ്ട്. ഇരുവര്‍ക്കും പോഷകാഹാരക്കുറവുള്ളതായി ഡോക്ടര്‍ പറഞ്ഞു.
പിതാവും രണ്ടാനമ്മയും ചേര്‍ന്ന് പൂട്ടിയിട്ട 5 വയസ്സുള്ള പെണ്‍കുട്ടിയെയും 3 വയസ്സുള്ള ആണ്‍കുട്ടിയെയും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. തങ്ങളെ കണ്ടപ്പോള്‍ തന്നെ ഭക്ഷണം എന്ന വാക്കാണ് കുട്ടികള്‍ പറഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു.
അമ്മ തല്ലിയതാണെന്നും, ഇനി അമ്മയെ കാണേണ്ടെന്നും കുട്ടികള്‍ പറഞ്ഞതായി രക്ഷപ്പെടുത്തിയവര്‍ പറയുന്നു. ദമ്പതികള്‍ക്കൊപ്പം 3 മാസമായി മമ്പാട് അങ്ങാടിയിലെ വാടക മുറിയില്‍ താമസിക്കുകയായിരുന്നു കുട്ടികള്‍. കൂലിപ്പണിക്കാരായ ദമ്പതികള്‍ ജോലിക്കു പോയി തിരിച്ചെത്തുന്നതുവരെ ഭക്ഷണം നല്‍കാതെ കുട്ടികളെ പൂട്ടിയിടുകയായിരുന്നെന്ന് സമീപവാസികളായ അതിഥിത്തൊഴിലാളികള്‍ പറഞ്ഞു.