പട്ടിക്കാട്: വീടുകളില്‍ ഫോണിന് റേഞ്ച് ഇല്ലാത്തതിനെ തുടര്‍ന്ന് വഴിയോരത്ത് ഇരുന്ന് പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പുറകില്‍ ഒറ്റയാന്, കുട്ടികള്‍ വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വാണിയമ്പാറയില്‍ പീച്ചി റിസര്‍വോയറിനോടു ചേര്‍ന്നു കിടക്കുന്ന ആനവാരിയിലാണ് സംഭവം.
മൊബൈല്‍ ഫോണിനു റേഞ്ച് ഉള്ള സ്ഥലത്തു സംഘമായി ചേര്‍ന്നു കുട്ടികള്‍ പഠിക്കുന്ന സമയത്താണ് ഒറ്റ കൊമ്പന് എത്തിയത്. പിറകില്‍ ആന നിലയുറപ്പിച്ചതു കുട്ടികള്‍ അറിഞ്ഞില്ല. എന്തോ ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയ കൂട്ടത്തിലുണ്ടായിരുന്ന അഭിജിത് എന്ന വിദ്യാര്‍ഥിയാണ് ആനയെ കാണുന്നത്.
ആനയെ കണ്ട കുട്ടികള്‍ നിലവിളിച്ചു വീടുകളിലേക്ക് ഓടി. തുടര്‍ന്ന് ഫോറസ്റ്റ് വാച്ചറായ പ്രഭാകരനും കുട്ടികളുടെ മാതാപിതാക്കളും ശബ്ദം മുഴക്കി ഏറെ പണിപ്പെട്ട് ആനയെ കാട്ടിലേക്ക് തന്നെ കയറ്റി വിട്ടത്. ഓണ്‍ലൈന്‍ പഠനം ആരംഭിച്ച കാലം മുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് വീടുകളില്‍ റേഞ്ച് ഇല്ലാത്തതാണ് കുട്ടികള്‍ക്ക് തിരിച്ചടിയായത്.
പഠിക്കുന്നതിനു വേണ്ടി മൊബൈല്‍ ഫോണുമായി റോഡരികിലും റിസര്‍വോയറിനു സമീപവുമാണ് കുട്ടികള്‍ പഠനം നടത്തിയിരുന്നത്. പകല്‍ സമയത്തു ആനയെ കണ്ടതോടെ നാട്ടുകാരും ആശങ്കയിലാണ്.