കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രവാസി മലയാളിക്കെതിരെ പോലീസ് കേസെടുത്തു. ഖത്തറില്‍ ജോലി ചെയ്യുന്ന അജിനാസിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കോഴിക്കോട് മേപ്പയ്യൂര്‍ പൊലീസാണ് കേസെടുത്തത്. ബാലികാദിനത്തില്‍ കെ സുരേന്ദ്രന് ഫേസ്ബുക്കിലിട്ട ഫോട്ടോയ്ക്ക് കീഴിലാണ് അജ്നാസ് എന്നയാള്‍ അശ്ലീലപരാമര്‍ശം നടത്തിയത്. ഇതിന് പിന്നാലെ അജ്നാസിനെതിരെ പ്രതിഷേധമുയര്‍ത്തി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യരും രംഗത്തെത്തി. അസഭ്യം പറഞ്ഞവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും അവരെ വെറുതെ വിടാന്‍ ഉദേശിക്കുന്നില്ലെന്നുമായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.
പിന്നാലെ അജിനാസിന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പിതാവിന് താക്കീത് നല്‍കിയാണ് ബിജെപി പ്രവര്‍ത്തകര്‍ മടങ്ങിയത്. ‘ഈ പ്രതികരണമൊന്നുമല്ല ഉണ്ടാകേണ്ടത്. അറിയാല്ലോ, അതിനുള്ള ആള്‍ക്കാരും സംവിധാനവും ഇവിടെ തന്നെയുണ്ടാവും.’ എന്നായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞത്.
അജ്നാസിനെ തങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടെന്നും അവന് പറഞ്ഞത് താന്‍ അല്ല, അങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്നാണ്. അവന് അല്ലെങ്കില്‍ കുഴപ്പമില്ല. ആണെങ്കില്‍ നിയമപരമായും അല്ലാതെയും നേരിടുമെന്നും ബിജെപിക്കാര്‍ മുന്നറിയിപ്പായി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ അജ്നാസിന്റെ പിതാവ് മാപ്പ് പറഞ്ഞ് രംഗത്തെത്തി. അജ്നാസിന്റ വീട്ടില്‍ പ്രതിഷേധം തുടര്‍ന്നതോടെയാണ് സംഭവത്തില്‍ പിതാവ് മാപ്പ് പറഞ്ഞത്. തന്റെ മകന് ആരെയെങ്കിലും മോശമായി ചിത്രീകരിച്ചിട്ടുണ്ടെങ്കില്‍ അവനു വേണ്ടി പരസ്യമായി താന്‍ മാപ്പ് പറയുന്നെന്ന് അദേഹം പറഞ്ഞു.
ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജിലും അജ്നാസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപിപ്രവര്‍ത്തകര്‍ കമന്റ് പ്രവാഹങ്ങള്‍ നടത്തുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന നേതാവിന്റെ മകള്‍ക്കെതിരെ അശ്ലീലപരാമര്‍ശം നടത്തിയ അജ്നാസിനെതിരെ നടപടി സ്വീകരിക്കണമെന്നും രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.