പട്ടിക്കാട്: അര്‍ധരാത്രി നിയന്ത്രണം വിട്ട ചരക്കുലോറി വീട്ടിലേയ്ക്ക് പാഞ്ഞുകയറി അപകടം. ദേശീയപാതയില്‍ വഴക്കുംപാറയില്‍ കുതിരാന്‍ കയറ്റത്തിലാണ് ലോറി നിയന്ത്രണം വിട്ടത്. വീടിന്റെ കിടപ്പുമുറിയിലേക്കാണ് ഇടിച്ചു കയറിയത്. ഉറങ്ങിക്കിടന്ന മുത്തശ്ശിയും കൊച്ചുമകളും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
റോഡില്‍ നിന്ന് തെന്നിമാറി,150 മീറ്റര്‍ അകലെ 15 അടി താഴ്ചയിലുള്ള മുട്ടം തോട്ടില്‍ മത്തായിയുടെ വീട്ടിലേക്കാണു ലോറി ഇടിച്ചു കയറിയത്. വൈദ്യുത കമ്പികള്‍ തകര്‍ത്ത ശേഷമാണ് വീടിന്റെ ചുമരുകളും ജനലുകളും തകര്‍ത്തു കിടപ്പുമുറിയിലേക്കു ലോറി പാഞ്ഞുകയറിയത്. രാത്രി 11.30 നായിരുന്നു സംഭവം. മുറിയില്‍ ഉറങ്ങുകയായിരുന്ന, മത്തായിയുടെ ഭാര്യ സോഫി (60)കൊച്ചുമകള്‍ ഇതള്‍(6) എന്നിവരുടെ സമീപത്തായി ലോറി ഇടിച്ചുനിന്നു.
മുറിയിലുണ്ടായിരുന്ന അലമാര മറിഞ്ഞു വീണെങ്കിലും അലമാരയ്ക്കും കട്ടിളയ്ക്കും ഇടയില്‍ ആയതിനാല്‍ ഇരുവര്‍ക്കും പരിക്കുകള്‍ സംഭവിച്ചില്ല. ലോറി ഡ്രൈവര്‍ തഞ്ചാവൂര്‍ സ്വദേശി ഷണ്മുഖനു കാലിനു പരുക്കേറ്റു. നാട്ടുകാരും പോലീസും ഏറെനേരം ശ്രമിച്ചാണു ഷണ്മുഖനെ ക്യാബിനില്‍ നിന്ന് വെളിയില്‍ എത്തിച്ചത്.