പടന്ന: കാസർകോട് ചന്തേര പോലീസിന്റെ രാത്രികാല പരിശോധന അവസാനിച്ചത് അപകടത്തിൽ. അനധികൃതമായി മണൽ കടത്തുകയായിരുന്ന മണൽലോറിയെ പിന്തുടരുന്നതിനിടെയാണ് പോലീസ് വാഹനം വൈദ്യുതത്തൂണിലിടിച്ച് അപകടമുണ്ടായത്. പട്രോളിങിനിടെ കണ്ണിൽപ്പെട്ട ലോറിയെ സംശയത്തെ തുടർന്ന് പോലീസ് പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.
പടന്ന സഹകരണ ബാങ്കിനു സമീപം തിങ്കളാഴ്ച പുലർച്ചെ ഒന്നരമണിയോടെയാണ് അപകടം. ഓരി ഭാഗത്തുനിന്ന് മണൽ കയറ്റിവന്ന ലോറിയെ പിന്തുടരുന്നതിനിടയിലാണ് നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിലിടിച്ചത്.
ഇരുമ്പ് തൂൺ തകർത്ത് മുന്നോട്ടുപോയ വാഹനത്തിന് വലിയതോതിൽ കേടുപറ്റിയെങ്കിലും ആർക്കും പരിക്കേറ്റില്ല.
പഞ്ചായത്തിന്റെ തീരപ്രദേശങ്ങളായ ഓരി, വടക്കേപ്പുറം, മാച്ചിക്കാട്, ആയിറ്റി തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് രാത്രി നടക്കുന്ന അനധികൃത മണൽക്കടത്ത് തടയുന്നതിന്റെ ഭാഗമായായിരുന്നു ചന്തേര പോലീസിന്റെ പരിശോധന.