എടവണ്ണപ്പാറ: റോഡിൽ നിന്നും വീണുകിട്ടിയ പണം അടങ്ങിയ പേഴ്സ് ഉടമസ്ഥനെ തേടി കണ്ടെത്തി തിരിച്ചേൽപ്പിച്ച് ഈ രാഷ്ട്രീയ പ്രവർത്തകന്റെ മാതൃക. വാഴക്കാട് ഗ്രാമപ്പഞ്ചായത്തിലേക്ക് വട്ടപ്പാറ വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗമായ സിവി സക്കറിയയാണ് സത്യസന്ധമായി തനിക്ക് അപ്രതീക്ഷിതമായി ലഭിച്ച പണം തിരിച്ചേൽപ്പിച്ചത്.
എടവണ്ണപ്പാറ വാഴക്കാട് റോഡിൽനിന്നാണ് പണം അടങ്ങിയ പേഴ്സ് കിട്ടിയത്. പേഴ്സിലെ അറകളിൽ നോക്കിയപ്പോൾ മേൽവിലാസം കണ്ടെത്തി. എടവണ്ണപ്പാറയിലെ ഓട്ടോ തൊഴിലാളിയായ പാറക്കണ്ടി ഖാദറിന്റേതാണ് പേഴ്സെന്ന് വ്യക്തമായതോടെയാണ് ഇയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്.
ഫോൺ നമ്പർ കണ്ടെത്തി വിളിച്ച് പേഴ്സ് കിട്ടിയ കാര്യം പറയുകയും സ്ഥലത്തെത്താൻ ആവശ്യപ്പെടുകയുമായിരുന്നു. തുക എണ്ണി തിട്ടപ്പെടുത്തിയതിനുശേഷം തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസറുടെ സാന്നിധ്യത്തിൽ പേഴ്സ് തിരികെ ഏൽപ്പിക്കുകയായിരുന്നു.