പത്തനംതിട്ട: ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ളയാളെ പന്തളം നഗരസഭ ചെയര്‍മാനാക്കാന്‍ നീക്കവുമായി ബിജെപി. പാര്‍ട്ടി വോട്ടുകൊണ്ട് മാത്രം വളരാന്‍ സാധിക്കില്ലെന്ന വിലയിരുത്തലാണ് പുതിയ നീക്കത്തിന് പിന്നില്‍. ഇത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തല്‍.
ക്രൈസ്തവ വിഭാഗത്തിന്റെ വന്‍പിന്തുണ ലഭിച്ചതിനാലാണ് പന്തളത്ത് ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചത്. പ്രവാസി മലയാളിയും ബിജെപി സംസ്ഥാന കമ്മിറ്റി അംഗവുമായ അച്ചന്‍കുഞ്ഞ് ജോണ്‍, എല്‍ഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപിയിലെത്തിയ ജോസ് വിഭാഗം നേതാവ് ബെന്നി മാത്യു എന്നിവരാണ് പന്തളത്ത് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചത്.
പന്തളം കുരമ്പാല സെന്റ്തോമസ് ഓര്‍ത്തഡോക്സ് പള്ളിയുടെ മുന്‍ ട്രസ്റ്റി കൂടിയാണ് അച്ചന്‍കുഞ്ഞ് ജോണ്‍. പന്തളം അറത്തില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് മഹാ ഇടവക പള്ളിയിലെ സെക്രട്ടറിയാണ് ബെന്നി മാത്യു. അതേസമയം, പട്ടികജാതി സംവരണ സീറ്റില്‍നിന്ന് വിജയിച്ച കെ.വി പ്രഭയെ ചെയര്‍മാനാക്കണമെന്ന ആവശ്യവും പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയരുന്നുണ്ട്.
ശബരിമല യുവതി പ്രവേശന വിഷയമാണ് പന്തളത്ത് ഹിന്ദുവോട്ടുകള്‍ കൂടുതലും ബിജെപിക്ക് ലഭിക്കാന്‍ കാരണമായതെന്നും അതുകൊണ്ട് ഹിന്ദുക്കളുടെ ഹിതത്തിനെതിരായ തീരുമാനം ഉണ്ടാകരുതെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയരുന്നുണ്ട്.