തൊടുപുഴ: പിജെ ജോസഫ് ഗ്രൂപ്പിന് തൊടുപുഴ നഗരസഭയില്‍ കനത്ത തിരിച്ചടി. മത്സരിച്ച അഞ്ച് സീറ്റുകളിലും ജോസഫിന്റെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. ജോസ് വിഭാഗമാണ് ഇവിടെ നേട്ടമുണ്ടാക്കിയത്. ജോസ് ഗ്രൂപ്പ് മത്സരിച്ച നാലില്‍ മൂന്നിടത്തും ജോസ് വിഭാഗം ജയിച്ചു.
കോട്ടയത്തും ജോസഫ് ഗ്രൂപ്പ് വലിയ പരാജയത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ജോസ് ഗ്രൂപ്പുമായി നേരിട്ട് മത്സരിച്ച മിക്കയിടങ്ങളും ജോസഫ് ഗ്രൂപ്പ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ചരിത്രത്തിലാദ്യമായി പാലാ മുന്‍സിപ്പാലിറ്റിയില്‍ ഇടതുമുന്നണി ഭരണം ഉറപ്പിച്ചു.
നഗരസഭ രൂപീകരിച്ച ശേഷം ആദ്യമായിട്ടാണ് എല്‍ഡിഎഫ് ഭരണം പിടിക്കുന്നത്. ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ഇടതുമുന്നണി ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. 14 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു.
യുഡിഎഫിന് എട്ട് വാര്‍ഡ് മാത്രമാണ് നേടാനായത്. മുന്നണി മാറിയ ജോസ് പക്ഷത്തിന്, കോട്ടയം ജില്ല തങ്ങളുടെ ശക്തി കേന്ദ്രമാണെന്ന് തെളിയിക്കേണ്ടത് ആവശ്യമായിരുന്നു. അതില്‍ വിജയം കണ്ടു എന്ന് കരുതേണ്ടിയിരിക്കുന്ന ഫലമാണ് വന്നിരിക്കുന്നത്.
ജോസ് കെ മാണി വിഭാഗവുമായുള്ള സഖ്യം ഇടത് മുന്നണിയ്ക്കും ഗുണമായിട്ടുണ്ട്. ജോസ് കെ മാണി വിഭാഗവുമായി യോജിച്ച് മത്സരത്തിനിറങ്ങിയ മധ്യകേരളത്തില്‍ വലിയ നേട്ടം ഉണ്ടാക്കാന്‍ ഇടത് മുന്നണിക്ക് ആയിട്ടുണ്ട്. കോട്ടയം ഇടുക്കി എറണാകുളം എന്നീ ജില്ലകളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇത് പ്രകടമാണ്.