മാനന്തവാടി: കടകളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണ ഭക്ഷണസാധനങ്ങളിലെല്ലാം ഇന്ന് സര്‍വ്വത്ര മായമാണ്. വിശ്വസിച്ച് ഒന്നും വാങ്ങി കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇന്ന് ജനങ്ങള്‍ എത്തി നില്‍ക്കുന്നത്. ഇപ്പോഴിതാ പലചരക്ക് കടയില്‍ നിന്നു വാങ്ങിയ വെളിച്ചെണ്ണയില്‍ മെഴുക് കണ്ടെത്തിയതായി പരാതി.
സര്‍ക്കാര്‍ സ്ഥാപനമായ കേരഫെഡിന്റെ കേര വെളിച്ചെണ്ണയിലാണു മെഴുകിന്റെ അംശം കണ്ടത്. പാണ്ടിക്കടവ് സ്വദേശി ഉവൈസ് അത്തോളിയാണ് 110 രൂപ നല്കി അര ലീറ്റര്‍ വെളിച്ചെണ്ണ വാങ്ങിയത്. വീട്ടിലെത്തി പാത്രത്തിലേക്കു മാറ്റിയപ്പോള്‍ കറുപ്പ് കലര്‍ന്ന നിറം ശ്രദ്ധയില്‍ പെട്ടിരുന്നു. കവറിന്റെ അടിഭാഗത്തായി ഉരുകാത്ത മെഴുക് പോലുള്ള വസ്തുവും ഉണ്ടായിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നല്‍കുമെന്ന് ഉവൈസ് പറഞ്ഞു.
അതേസമയം, ഏലക്കായ്ക്ക് പച്ചനിറം കൂടുതലായി ലഭിക്കുന്നതിന് ചേര്‍ക്കുന്ന കളര്‍പ്പൊടി തയ്യാറാക്കുന്ന സ്ഥാപനത്തില്‍ സ്പൈസസ് ബോര്‍ഡിന്റെ സ്പെഷല്‍ സ്ക്വാഡും ഭക്ഷ്യസുരക്ഷ വകുപ്പും കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. 2475 കിലോ സോഡിയം കാര്‍ബണേറ്റും 8 വലിയ ചാക്കുകള്‍ നിറയെ ഒഴിഞ്ഞ കളര്‍ ടിന്നുകളും പിടികൂടി.
50 ചാക്കുകളിലായാണ് സോഡിയം കാര്‍ബണേറ്റ് സൂക്ഷിച്ചിരുന്നത്. മുണ്ടിയെരുമ ദേവഗിരിയില്‍ പ്രവര്‍ത്തിക്കുന്ന ആനടിയില്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന രാസപദാര്‍ത്ഥങ്ങള്‍ പിടികൂടിയത്.
സോപ്പുപൊടി നിര്‍മാണശാലയുടെ മറവിലാണ് ഏലക്കായ്ക്ക് കളര്‍ ലഭിക്കുന്നതിനായി ചേര്‍ക്കുന്ന മിശ്രിതം നിര്‍മ്മിച്ചിരുന്നത്. സോഡിയം കാര്‍ബണേറ്റ്, ആപ്പിള്ഗ്രീന് ഫുഡ്ഗ്രേഡ് കളര്‍ എന്നിവ പ്രത്യേക അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് പൊടിയായി തയ്യാറാക്കുകയാണ് ഇവിടെ ചെയ്തിരുന്നത്. ഇങ്ങനെ നിര്‍മ്മിക്കുന്ന കളര്‍പ്പൊടി ഏലക്കാ സ്റ്റോറുകളില്‍ എത്തിച്ചുനല്‍കുകയായിരുന്നു പതിവ്.