തിരുവനന്തപുരം: വൈദ്യുതി വാഹനങ്ങളുടെ വര്‍ദ്ധനവ് ലക്ഷ്യമിട്ട് കേരളത്തിലുടനീളം ചാര്‍ജിങ് സ്റ്റേഷന് ശൃംഖല ഒരുക്കി കെഎസ്ഇബി. സംസ്ഥാന സര്‍ക്കാരിന്റെ ഇ-വെഹിക്കിള്‍ നയപ്രകാരം ചാര്‍ജ് സ്റ്റേഷനുകള്‍ക്കുള്ള നോഡല്‍ ഏജന്‍സിയായി കെഎസ്ഇബിഎലിനെ തെരഞ്ഞെടുത്തിട്ടുണ്ട്. അതനുസരിച്ച് കെഎസ്ഇബിഎല്‍ 6 വൈദ്യുതചാര്‍ജ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.
പരിസ്ഥിതി സൗഹൃദപരമായ ഗതാഗത സംവിധാനം ഒരുക്കുന്നതിന്റെ് ഭാഗമായാണ് വൈദ്യുതി വകുപ്പിന്റെ നടപടി. ആദ്യപടിയായി താഴെ പറയുന്ന സ്ഥലങ്ങളിലാണ് വൈദ്യുതചാര്‍ജ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
1. നേമം, ഇലക്ട്രിക്കല്‍ സെക്ഷന്‍, തിരുവനന്തപുരം 2. ഓലൈ, ഇലക്ട്രിക്കല്‍ സെക്ഷന്‍, കൊല്ലം 3. പാലാരിവട്ടം, വൈദ്യുതി ഭവനം, എറണാകുളം 4. വിയ്യൂര്‍, സബ്സ്റ്റേഷന്, തൃശ്ശൂര്‍ 5. നല്ലളം, സബ്സ്റ്റേഷന്, കോഴിക്കോട് 6. ചൊവ്വ, സബ്സ്റ്റേഷന്, കണ്ണൂര്‍
വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആകര്‍ഷകമായ നിരവധി ഇളവുകളും കെഎസ്ഇബി മുന്നോട്ട് വയ്ക്കുന്നുണ്ട്. വൈദ്യുത കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നിന്ന് 2021 ഫെബ്രുവരി 6 വരെ തികച്ചും സൗജന്യമായി കാര്‍ ചാര്‍ജ് ചെയ്യാം. കെഎസ്ഇബിയുടെ 6 വൈദ്യുത കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഇക്കഴിഞ്ഞ നവംബര്‍ 7 മുതല്‍ ഇത് സൗജന്യമാണ്.
ഇത്കൂടാതെ, എല്ലാ ജില്ലകളിലുമായി 56 ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കെഎസ്ഇബിഎല്‍ ആരംഭിച്ചിട്ടുണ്ട്. അതില്‍ സര്‍ക്കാര്‍ പൊതുമേഖലയിലുള്ള ഉടമസ്ഥതയിലുള്ള 12 സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുന്നു.