ഒറ്റപ്പാലം: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. സമയോജിതമായ ഇടപെടലിലൂടെ ഡ്രൈവര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാലക്കാട് ഒറ്റപ്പാലം വാണിയംകുളത്താണ് സംഭവം. പാവുക്കോണം സ്വദേശി നൗഫല്‍ ഓടിച്ചിരുന്ന കാറാണു കത്തിനശിച്ചത്.
ഇന്നലെ രാവിലെ എട്ടോടെ വാണിയംകുളം ടൗണിലാണു സംഭവം. യാത്ര ചെയ്യുന്നതിനിടെയാണ് കാറിന്റെ ബോണറ്റിനുള്ളില്‍ നിന്നു പുക ഉയരുന്നത് നൗഫല്‍ കണ്ടത്. ഇതോടെ നൗഫല്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ തീ പടര്‍ന്നു.
കാര്‍ കത്തി നശിച്ചു. തക്കസമയത്ത് കാറില്‍ നിന്നും ഇറങ്ങിയതിനാല്‍ നൗഫല്‍ വലിയ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചു. ഷൊര്‍ണൂരില്‍ നിന്നു സീനിയര്‍ ഫയര്‍ ഓഫിസര്‍ കെ. സജിത്തിന്റെ നേതൃത്വത്തില്‍ അഗ്നിശമനസേന എത്തിയാണു തീയണച്ചത്.
ഗ്യാസ് സിലിണ്ടര്‍ ഘടിപ്പിച്ച കാറാണിതെന്നും വാതക ചോര്‍ച്ചയാണു തീപിടിത്തത്തിനു കാരണമെന്നാണു സംശയിക്കുന്നതെന്നും പൊലീസ് അറിയിച്ചു.