ചാലക്കയം: വോട്ട് ചോദിച്ച് എത്തുന്നവരോട് ഒരു കാര്യമാണ് ചാലക്കയം ആദിവാസി കോളനിയിലെ ഭവാനി ആവശ്യപ്പെടുന്നത്, ഉടുക്കാന്‍ കുറച്ച് വസ്ത്രങ്ങള്‍… ‘ഉടുക്കാന്‍ തുണി തരാമോ… എങ്കില്‍ ഞാങ്കള് വോട്ടിടാന്‍ വരാം. ഇല്ലാമേ നിങ്കള് പോയിട്…’ എന്ന് ഭവാനി പറയും.
പെരുനാട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡായ ശബരിമല വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി മായാ സുരേന്ദ്രന് വോട്ടു ചോദിച്ചെത്തിയപ്പോഴായിരുന്നു ഭവാനിയുടെ ഈ പ്രതികരണം. ശബരിമല പാതയില്‍ ചാലക്കയത്തിനു സമീപത്തെ വെള്ളാച്ചിമല വനത്തിലാണ് എട്ടോളം ആദിവാസി കുടുംബങ്ങള്‍ താമസം.
ദുരിതമാണ് ജീവിതം. ട്രൈബല്‍ വകുപ്പ് നല്കുന്ന ടാര്‍പോളീന്‍ ഷീറ്റ് വലിച്ചു കെട്ടിയും മറയാക്കിയുമാണ് താമസം. ഒരു വര്‍ഷം മുന്‍പ് രാത്രിയില്‍ ആനക്കൂട്ടമിറങ്ങി ഷെഡ് തകര്‍ത്തു. കുഞ്ഞുങ്ങളെയുമെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. അന്ന് ആന ചവിട്ടി ചളുക്കിയ പാത്രം ചൂടാക്കി നിവര്‍ത്തി അതിലാണ് ഇപ്പോഴും കഞ്ഞി വയ്ക്കുന്നത്.
കോവിഡ് കാലമായതിനാല്‍ ട്രൈബല്‍ വകുപ്പ് നല്കുന്ന അരിയും സാധനങ്ങളും റേഷനും മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഓണക്കാലത്ത് ചില സംഘടനകള്‍ തുണി നല്കി. ചാലക്കയത്തു നിന്നു പത്തോളം കുടുംബങ്ങള്‍ മൂന്നു ദിവസം മുന്‍പ് കുന്തിരിക്കം, പൊന്‍കുരണ്ടി, പാച്ചോറ്റിപട്ട, കറുവപ്പട്ട എന്നിവ ശേഖരിക്കാന്‍ ഉള്‍വനത്തിലേക്കു പോയതാണ്.
മല അരയ, മലപണ്ടാര, ഉള്ളാട സമുദായത്തില്‍ പെട്ടവരാണ് ആദിവാസികള്‍. ഇക്കുറി യുഡിഎഫ് നിര്‍ത്തിയിരിക്കുന്നത് ആദിവാസി വിഭാഗത്തില്‍പെട്ട മായാ സുരേന്ദ്രനെയാണ്. എല്ലാം പരിഹരിക്കാമെന്ന് സ്ഥാനാര്‍ഥി ഉറപ്പു നല്‍കിയിട്ടുണ്ട്.