മങ്കൊമ്പ്: വൈദ്യുതിത്തൂണ് ഒടിഞ്ഞുവീണു കരാര്‍ തൊഴിലാളിക്കു പരിക്കേറ്റു. സംഭവത്തില്‍ കാവാലം സ്വദേശി മഹേഷിനാണു പരിക്കേറ്റത്. കെ.എസ്.ഇ.ബി. മങ്കൊമ്പ് സെക്ഷനിലായിരുന്നു സംഭവം. പുളിങ്കുന്ന് കണ്ണാടി കൊല്ലാറ വീടിനു സമീപത്തായിരുന്നു അപകടം.
തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. പുതുതായി സ്ഥാപിച്ച തൂണിന്റെ മുകളില്‍ കയറിയിരുന്നു കമ്പികള്‍ വലിക്കുന്നതിനിടെ മണ്ണിന്റെ നിരപ്പിലുള്ള ചുവടുഭാഗം ഒടിയുകയായിരുന്നു. തൂണിനു മുകളിലിരുന്നു ജോലി ചെയ്യുന്നതിനാല്‍ സുരക്ഷയ്ക്കായി കയര്‍ ഉപയോഗിച്ചു ശരീരം പോസ്റ്റില്‍ കെട്ടിയ നിലയിലായിരുന്നു.
വൈദ്യുതി തൂണ് ഇടിഞ്ഞ് വീഴാന്‍ തുടങ്ങിയതോടെ മഹേഷ് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വീഴ്ചയില്‍ മഹേഷ് വൈദ്യുതിത്തൂണിന്റെ അടിയില്‍പ്പെട്ടു. സംഭവം കണ്ട് ഓടിയെത്തിയ ഒപ്പമുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് മഹേഷിനെ പുറത്തെടുത്തത്.
മഹേഷിന്റെ വയറിനാണു പരിക്ക്. വൈദ്യുതിത്തൂണിന്റെ ഗുണനിലവാരമില്ലായ്മയാണ് അപകടത്തിനിടയാക്കിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നു കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു.