ആലപ്പുഴ: നാളെ മുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു. അതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി. ഇന്നു അര്‍ധരാത്രിയോടെ ജില്ലയില്‍ നിന്നു കടലില്‍ പോകുന്നതു പൂര്‍ണമായി നിരോധിച്ചതായി കലക്ടര്‍ അറിയിച്ചു.
നിലവില്‍ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ ഇന്ന് അര്‍ധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണം. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനുള്ള നേരിയ സാധ്യതയുള്ളതിനാല്‍ ഈ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
നാളെ മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് നിരോധനം. കാറ്റ് ശക്തമായാല്‍ ഡിസംബര്‍ 2 നു തന്നെ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങാന്‍ തയാറെടുക്കാന്‍ റവന്യൂ, തദ്ദേശ വകുപ്പുകള്‍ക്കു നിര്‍ദേശം നല്കി. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ കരുതി മാറിത്താമസിക്കാന്‍ തയാറാകണം.
സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കാനും വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. അപകടാവസ്ഥ 1077 എന്ന നമ്പറില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താം.