ആലപ്പുഴ: ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ദേശീയപാതയിലെ ചേര്‍ത്തല തിരുവിഴ ജംക്ഷനു സമീപത്തായിരുന്നു അപകടം. ആലുവ മുപ്പത്തടം മണപ്പുറത്ത് ഹൗസ് (തോപ്പില്‍ പറമ്പ്) അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയ (19) ആണ് മരിച്ചത്.
അപകടത്തില്‍ കാറില്‍ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനും ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ രണ്ടുപേര്‍ക്കും പരുക്കേറ്റു. ഭര്‍ത്താവ് അനന്തു (22) സുഹൃത്തുക്കളായ അഭിജിത്ത്(20), ജിയോ (21) എന്നിവര്‍ക്കാണു ഗുരുതരമായി പരുക്കേറ്റത്. അനന്തുവിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജിയോയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും അഭിജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ എട്ടരയോടെയാണു സംഭവം. ആലപ്പുഴ ഭാഗത്തുനിന്നു വന്ന കാറും ചേര്‍ത്തല ഭാഗത്തുനിന്നെത്തിയ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.
മാരാരിക്കുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും ഹൈവേ പൊലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരായ നാലുപേരെയും പുറത്തെടുത്തത്.
ഗുരുതരമായി പരുക്കേറ്റ വിഷ്ണുപ്രിയ, ജിയോ, അഭിജിത്ത് എന്നിവരെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ വിഷ്ണുപ്രിയയെ എറണാകുളം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. വെള്ളിയാഴ്ച രാത്രി ആലുവയിലെ വീട്ടില്‍ നിന്നാണ് ഇവര്‍ പുറപ്പെട്ടതെന്നാണു ബന്ധുക്കള്‍ പറയുന്നത്. ആലുവ മുപ്പത്തടം കാരോത്തുകുന്നില്‍ പരേതരായ സുധീഷിന്റെയും അനുപമയുടെയും മകളാണ് വിഷ്ണുപ്രിയ.