പട്ടാമ്പി : അഞ്ചുവര്‍ഷത്തെ ഭരണംവിട്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഇറങ്ങുമ്പോള്‍ എന്‍. നന്ദവിലാസിനിയുടെ മനസ്സില്‍ ആത്മസംതൃപ്തിയുണ്ട്. നാടിനും നാട്ടുകാര്‍ക്കും വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സാധിച്ചുവെന്ന ആശ്വാസമുണ്ട്.
എന്നാല്‍ മങ്ങാത്ത ഓര്മയേത് എന്ന ചോദ്യത്തിന് മനസ്സില്തൊട്ടാണ് വല്ലപ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍. നന്ദവിലാസിനി ഉത്തരം പറഞ്ഞത്. നിറഞ്ഞചിരികള്, സ്നേഹത്തോടെയുള്ള നോട്ടം, അമ്മമ്മേ എന്നുള്ള ഭിന്നശേഷിക്കുട്ടികളുടെ നീട്ടിവിളിയായിരുന്നു അത്.
വല്ലപ്പുഴയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അമ്മമ്മമാത്രമായിരുന്നു എന്‍. നന്ദവിലാസിനി. ജില്ലയിലെ ഏറ്റവുംകൂടുതല്‍ ഭിന്നശേഷി കുട്ടികളുള്ള മേഖലകളിലൊന്നായിരുന്നു വല്ലപ്പുഴ. പ്രസിഡന്റുപദം ഏറ്റെടുത്ത് ഫയലുകള്‍ പരിശോധിക്കുന്നതിനിടെയാണ് ഇത്തരം ഫണ്ടുകളും പദ്ധതികളും വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ലെന്ന് മനസ്സിലായത്.
തുടര്‍ന്നുനടന്ന പ്രവര്ത്തനങ്ങള്ക്കൊണ്ട് 2017 ജനുവരിയില്‍ 37 കുട്ടികള്‍ക്ക് പ്രവേശനം നല്കി വാടകക്കെട്ടിടത്തില്‍ വല്ലപ്പുഴയില്‍ ഭിന്നശേഷി പുനരധിവാസകേന്ദ്രം തുറന്നു. എം.എല്‍.എ. ഫണ്ടില്‍ പദ്ധതിയായിട്ടുള്ള പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി പെട്ടെന്ന് പൂര്‍ത്തിയാക്കണം എന്നതാണ് ഇനിയുള്ള ലക്ഷ്യം.
‘ഭിന്നശേഷി കുട്ടികളെ പരിപാലിക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിന്റേതാണ്. അവര്‍ക്കുവേണ്ടി ഇനിയെന്തെങ്കിലും ചെയ്യാനാവുമോയെന്നതാണ് ചിന്ത…’ നന്ദവിലാസിനി നാളെയെക്കുറിച്ചും ചിന്തിക്കുന്നു. ഇനിയൊരു മത്സരത്തിനില്ലെങ്കിലും ഇതിനായുള്ള ശ്രമങ്ങള്‍ തുടരുമെന്ന് നന്ദവിലാസിനി പറയുന്നു.
1980-ല്‍ ക്ലാര്‍ക്കായി പോലീസ് വകുപ്പില്‍ ജോലിക്കുചേര്ന്നതിനുശേഷം 2005 മാര്‍ച്ചില്‍ മുട്ടിക്കുളങ്ങര കെ.എ.പി. ബറ്റാലിയനില്‍നിന്ന് ഫെയര്‍ കോപ്പി സൂപ്പര്‍വൈസറായാണ് നന്ദവിലാസിനി വിരമിച്ചത് പിന്നീട് വല്ലപ്പുഴയിലെ തറവാട്ടുവീട്ടില്‍ സ്ഥിരതാമസമാക്കി.
ചെറുപ്പംമുതല്‍ കോണ്‍ഗ്രസ് രാഷ്ട്രീയപാരമ്പര്യമുള്ള കുടുംബമാണ്. അച്ഛന് കാടമ്പത്തൊടി കൃഷ്ണന്‍നായര്‍ പഴയ കോണ്‍ഗ്രസ് നേതാവായിരുന്നു. 2010-ല്‍ ആദ്യമായി പഞ്ചായത്തിലേക്ക് എന്‍. നന്ദവിലാസിനി തിരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷയായി. 2015-ല്‍ വീണ്ടും മത്സരിച്ചപ്പോഴാണ് പ്രസിഡന്റിന്റെ കസേരയിലെത്തുന്നത്.