തൃശൂര്‍: തോട്ടുവക്കത്ത് അവശനിലയില്‍ കണ്ട മലമ്പാമ്പിനെ പിടികൂടി കറിവച്ച കേസില്‍ ഒരാള്‍ പിടിയില്‍. ചോറ്റുപാറ കുറുഞ്ചൂര് വീട്ടില്‍ പ്രഭാത് (27) ആണു പിടിയിലായത്.
മാറ്റാംപുറം എബനേസര്‍ പെട്രോള്‍ പമ്പിന്റെ സമീപത്തുള്ള തോട്ടില്‍ നിന്നു കിട്ടിയ മലമ്പാമ്പിനെയാണു ഇയാള്‍ കൊന്ന് ഇറച്ചിയാക്കിയത്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മലമ്പാമ്പിനെ പിടികൂടി ഭക്ഷിക്കുന്നത് 7 വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
അതേസമയം, തൃശൂര്‍ വഴുക്കുംപാറയില്‍ റോഡ് നിര്‍മാണത്തിനിടെ മലമ്പാമ്പ് ചത്ത സംഭവത്തില്‍ അറസ്റ്റിലായ മണ്ണുമാന്തി യന്ത്രം ഡ്രൈവര്‍ക്ക് ജാമ്യം ലഭിച്ചു. ബംഗാള്‍ സ്വദേശി കാജി നസ്രുള് ഇസ്ലാമിനാണ് താല്‍ക്കാലിക ജാമ്യം ലഭിച്ചത്. കൂട്ടിയിട്ട കല്ലുകള്‍ നീക്കം ചെയ്യുന്നതിനിടെയാണു ഞായറാഴ്ച മലമ്പാമ്പിനു പരുക്കേറ്റത്. പിന്നീട് ചത്തു.
ഇതേ തുടര്‍ന്ന്, വനത്തോടു ചേര്‍ന്നുള്ള ഭാഗങ്ങളിലെ ദേശീയപാത നിര്‍മാണം നിര്‍ത്തിവച്ചതായി കരാര്‍ കമ്പനി അറിയിച്ചു. വനാതിര്‍ത്തികളില്‍ ഇനി നിര്‍മാണം പുനരാരംഭിക്കണമെങ്കില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിധ്യം വേണമെന്നാണ് കരാര്‍ കമ്പനിയുടെ ആവശ്യം. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു ജോലി ചെയ്യുമ്പോഴാണ് മലമ്പാമ്പിന്റെ ശരീരത്തില്‍ യന്ത്ര ഭാഗം കൊണ്ടത്.