ആലുവ: മെഡിക്കല്‍ ഷോപ് ജീവനക്കാരന്റെ ഒരു സംശയം രോഗികളുടെ ജീവന് തുണച്ചു. എടത്തല കോമ്പാറ മരിയ ക്ലിനിക്കില്‍ 2 മാസമായി ജോലി ചെയ്തിരുന്ന ഒരു വ്യാജ ഡോക്ടറെയാണ് മെഡിക്കല്‍ ഷോപ് ജീവനക്കാരന്റെ സംശയത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തത്. റാന്നി വടശേരിക്കര ചെറുകുളഞ്ഞി ശ്രീഭവനില്‍ സംഗീത ബാലകൃഷ്ണന് (45) ആണു പോലീസിന്റെ പിടിയിലായത്.
രോഗികള്‍ക്ക് ഒരേസമയം പല ആന്റിബയോട്ടിക് ഗുളികകള്‍ കൂടിയ അളവില്‍ കുറിച്ചതാണ് സംശയത്തിനിടയാക്കിയതും ഡോക്ടറെ കുടുക്കിയതും. മെഡിക്കല്‍ ഷോപ് ജീവനക്കാരന് വിവരം റൂറല്‍ എസ്പി കെ കാര്‍ത്തിക്കിനെ അറിയിച്ചതിനെ തുടര്‍ന്നാണു പരിശോധന നടത്തിയത്. ഇന്‍സ്പെക്ടര്‍ പിജെ നോബിള്‍ നേതൃത്വം നല്കി. പിന്നീട് രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2002ല്‍ കര്‍ണാടകയില്‍ നിന്ന് എംബിബിഎസ് ജയിച്ചതായി പറയുന്ന ഇവര്‍ ഫാര്‍മസി ഡിപ്ലോമ കോഴ്സ് പഠിച്ചതിന്റെ അറിവു വച്ചാണു മരുന്നു കുറിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ഇതു വ്യാജമാണോ എന്നു പരിശോധിക്കും. എടത്തലയില്‍ എത്തുന്നതിനു മുന്‍പ് ഇവര്‍ മറ്റു പല ക്ലിനിക്കുകളിലും ജോലി ചെയ്തിട്ടുണ്ട്.
അങ്കമാലി സ്വദേശിയുടേതാണു ക്ലിനിക്. ക്ലിനിക്കിന്റെ ഉടമയും കേസില്‍ പ്രതിയാകുമെന്നു പോലീസ് പറഞ്ഞു. ചികിത്സാ സൗകര്യം കുറഞ്ഞ ഗ്രാമപ്രദേശങ്ങളില്‍ വീടുകള്‍ വാടകയ്ക്ക് എടുത്തു ക്ലിനിക് നടത്തുന്നയാളാണ് ഉടമയെന്നും പോലീസ് പറഞ്ഞു. കുറഞ്ഞ ശമ്പളം നല്കിയാല് മതി എന്നതാണു വ്യാജ ഡോക്ടറെ നിയമിച്ചതിന്റെ കാരണമെന്നു കരുതുന്നു.
മറ്റൊരു ഡോക്ടറും ഇവിടെ ജോലി ചെയ്യുന്നുണ്ട്. അദ്ദേഹം ജില്ലയിലെ ഗവ. ആശുപത്രിയിലും പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്നുണ്ട്. സര്‍ട്ടിഫിക്കറ്റുകളുമായി പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ അദ്ദേഹത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.