കോഴിക്കോട്: രാത്രികാലങ്ങളില്‍ മാത്രമുള്ള അജ്ഞാതന്റെ ആക്രമണത്തില്‍ ഭയന്ന് കഴിയുകയാണ് കാവിലുമ്പാറയിലെ ചീത്തപ്പാട്, ആശ്വാസി, നാഗംപാറ ഭാഗങ്ങളിലെ സ്ത്രീകളും കുട്ടികളും. രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്ന സ്ത്രീകളെ പാത്തിരുന്ന് മുഖത്തടിക്കുന്നതാണ് അക്രമി ചെയ്യുന്നത്. അജ്ഞാതന്റെ ആക്രമണത്തില്‍ ഭയന്ന് രാത്രിയില്‍ വീടിന് ഉമ്മറത്തിരിക്കാന്‍ പോലും പേടിക്കുകയാണ് സ്ത്രീകള്‍.
അജ്ഞാതന്‍ ലക്ഷ്യം വെച്ചിരിക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമായതിനാല് പുരുഷന്മാര് ഇയാളെ പിടികൂടായി ഉറക്കമൊഴിച്ച് കാത്തിരിക്കുകയാണ്. വീട്ടിലെ മെയിന്‍സ്വിച്ച് ഓഫാക്കുക, വാതിലില്‍ മുട്ടുക, അപശബ്ദങ്ങള്‍ പുറപ്പെടുവിച്ച് ആളുകളെ വിരട്ടുക, വീടിന് പരിസരത്ത് മലമൂത്രവിസര്‍ജനം നടത്തുക തുടങ്ങിയ സംഭവങ്ങളുമുണ്ടായതായും നാട്ടുകാര്‍ പറയുന്നു.
സംഭവത്തെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. ഓരോ പ്രദേശങ്ങളും മാറിമാറിയാണ് അജ്ഞാതനായ അക്രമി തന്റെ പൊടിക്കൈ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. പോലീസിന്റെ രാത്രികാല പട്രോളിങ്ങ് ശക്തമാക്കിയാല്‍ ഇയാളെ എളുപ്പം പിടികൂടാനാവുമെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു.