ആലപ്പുഴ: പുഴയോരത്ത് സമയം ചെലവഴിക്കാനായി എത്തിയ ദമ്പതികളെ കമിതാക്കളാണെന്ന് ആരോപിച്ച് സദാചാര ഗുണ്ടായിസം. കായംകുളം മുതുകുളം തെക്ക് ശിവഭവനില്‍ ശിവപ്രസാദ് (31), ഭാര്യ സംഗീത (25) എന്നിവരെയാണ് സദാചാര ഗുണ്ടകള്‍ ആക്രമിച്ചത്. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ടിയൂര്‍ കുന്നുംപുറത്തു വടക്കതില്‍ കണ്ണന് (37), കണ്ടത്തില്‍ അനന്തു (22), ചെമ്പംപറമ്പില്‍ വസിഷ്ഠ് (18), മണപ്പുറത്ത് അനൂപ് (28), കൊട്ടാരത്തില്‍ ആര്‍എംകെ മന്ദിരത്തില്‍ മിഥുന് (26) എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. വിദേശത്തു ജോലിയുള്ള ശിവപ്രസാദ് ഭാര്യയ്ക്കും ഭാര്യാസഹോദരനുമൊപ്പം ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിഞ്ഞദിവസം മാവേലിക്കരയിലെത്തിയതായിരുന്നു. ടിക്കറ്റ് ലഭിക്കാന്‍ വൈകുമെന്നറിഞ്ഞ് മൂവരും സമയം ചെലവഴിക്കാനായി അച്ചന്‍കോവിലാറിന്റെ തീരത്തു കണ്ടിയൂര്‍ കടവിലെത്തി.
ഇവിടെയുണ്ടായിരുന്ന കണ്ടിയൂര്‍ കുന്നുംപുറത്ത് വടക്കതില്‍ കണ്ണന് കമിതാക്കളാണെന്ന് ആരോപിച്ച് ഇവരെ ചോദ്യം ചെയ്തു. തങ്ങള്‍ ഇരുവരും കല്യാണം കഴിച്ചതാണെന്നും വിവാഹഫോട്ടോ കാണിച്ചിട്ടും ആക്ഷേപിച്ചെന്നും ആക്രമണത്തിന് ഇരയായവര്‍ നല്കിയ പരാതിയില്‍ പറയുന്നു.
ശിവപ്രസാദുമായി വാക്കുതര്‍ക്കം ഉണ്ടായപ്പോള്‍ കണ്ണന് അറിയിച്ചതനുസരിച്ചു സമീപത്തു കളിച്ചു കൊണ്ടു നിന്ന 4 പേരും കൂടിയെത്തി ശിവപ്രസാദിനെയും ഭാര്യാസഹോദരനെയും മര്‍ദിച്ചു. തടയാന്‍ ചെന്ന സംഗീതയോടു മോശമായി പെരുമാറിയെന്നും പരാതിയില്‍ വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.