ഇടുക്കി: രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരുമിച്ച് ലോട്ടറി എടുത്തതിന് ശേഷം സമ്മാനമടിച്ചപ്പോള് ഒരാള്‍ മുങ്ങി സംഭവത്തില്‍ ഒത്തുതീര്‍പ്പായി. കഴിഞ്ഞ എട്ടിന് നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം രൂപ മൂന്നാര്‍ കോളനി സ്വദേശികളായ സാബു, ഹരികൃഷ്ണന് എന്നിവര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനായിരുന്നു. സാബു 20 രൂപയും ഹരികൃഷ്ണന് 10 രൂപയും മുടക്കിയാണ് ടിക്കറ്റ് എടുത്തത്. കുഞ്ചിത്തണ്ണിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്.
ഒന്നാം സമ്മാനമടിച്ചതോടെ സാബു മുങ്ങുകയും ടിക്കറ്റ് ഫെഡറല്‍ ബാങ്കിന്റെ രാജാക്കാട് ശാഖയില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഹരികൃഷ്ണന് പോലീസില്‍ പരാതി നല്കി. ഇതോടെയാണ് മൂന്നാര്‍ ഡിവൈഎസ്പിക്ക് മുമ്പില്‍ സാബു ചര്‍ച്ചക്കെത്തിയത്.
ചൊവ്വാഴ്ച സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ മൂന്നാറില്‍ നടന്ന ചര്‍ച്ചയില്‍ 10 ലക്ഷം രൂപ സമ്മാനത്തുക കിട്ടുന്ന വേളയില്‍ നല്‍കാമെന്ന് സാബു സമ്മതിച്ചു. ഇത് രേഖാമൂലം എഴുതി സമ്മതിക്കുകയും ചെയ്തു. ഇതോടെയാണ് തര്‍ക്കം ഒത്തുതീര്‍പ്പായത്.