കോഴിക്കോട്: കൊയിലാണ്ടിയില്‍ കണ്ടെയ്നര്‍ ലോറിയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. കണ്ടെയ്നര്‍ ലോറിയിലുണ്ടായിരുന്ന മലപ്പുറം തിരൂര്‍ സ്വദേശി ജാഫര്‍, ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശി രാജേന്ദ്രന് എന്നിവരാണ് മരിച്ചത്.
ഇരു വാഹനത്തിലുമായി ഉണ്ടായിരുന്ന ബാപ്പു, അബൂബക്കര്‍, ചിന്നദുരൈ എന്നിവര്‍ക്കും ഒരു വഴിയാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ കൊയിലാണ്ടി ബസ് സ്റ്റാന്റിനടുത്താണ് അപകടം നടന്നത്.
കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് മീന്‍ കയറ്റി പോകുകയായിരുന്ന കെഎല്‍ 55 കെ 8047 നമ്പര്‍ കണ്ടെയ്നര്‍ ലോറിയും മംഗലാപുരത്ത് നിന്നും എല്‍പിജി കയറ്റി വന്ന ടിഎന്‍ 88 എ 8581 നമ്പര്‍ ടാങ്കര്‍ ലോറിയുമാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.