കോട്ടയം: റെയില്‍ പാളത്തില്‍ കല്ലുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. തമിഴ്നാട് പുതുക്കോട്ട സ്വദേശി നാഗരാജിനെയാണ് റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സംക്രാന്തി കൊച്ചടിച്ചിറയില്‍ തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അട്ടിമറി ശ്രമം നടന്നതായി കണ്ടെത്തിയത്.
നാഗരാജ് പാളത്തില്‍ ചെരുപ്പ് കയറ്റി വച്ച് ശേഷം അതിന് മുകളില്‍ കല്ലുകള്‍ നിരത്തി വെയ്ക്കുകയായിരുന്നു. തിങ്കളാഴ്ച്ച വൈകീട്ട് സംക്രാന്തി കൊച്ചടിച്ചിറയ്ക് സമീപം പാളത്തില്‍ നിരത്തിയ കല്ലില്‍ തട്ടി കോട്ടയം വഴി കടന്നു പോയ ഗരീബ് രഥ് എക്സ്പ്രസ് ഉലഞ്ഞിരുന്നു. ഈ വിവരം ലോക്കോ പൈലറ്റ് ഏറ്റുമാനൂര്‍ സ്റ്റേഷന് മാസ്റ്ററെ അറിയിക്കുകയും ചെയ്തു.
റെയില്‍വെ പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമം നടന്നതായി കണ്ടെത്തിയത്. സംഭവ സ്ഥലത്തെത്തിയ റെയില്‍വെ പോലീസ് പാളത്തിലുള്ള കല്ലുകള്‍ നീക്കം ചെയ്ത് നാഗരാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ട്രെയിന്‍ യാത്രക്കാരുടെ ജീവന് അപകടപ്പെടുത്താനും റെയില്‍പാളത്തില്‍ അതിക്രമിച്ച് കയറിയതിനും റെയില്‍വെ ആക്ട് 153, 147 പ്രകാരം നാഗരാജിനെതിരെ കേസെടുത്തു. സംക്രാന്തിയിലെ ഒരു ഹോളോബ്രിക്സ് സ്ഥാപനത്തിലെ തൊഴിലാളിയാണ് ഇയാള്‍.