ശാസ്താംകോട്ട: ചുട്ടുപൊള്ളുന്ന ചൂടില്‍ കുടിവെള്ളം കിട്ടാതെ കുരങ്ങുകള്‍ വലയുന്നു. ശാസ്താംകോട്ടയിലെ ചന്തക്കുരങ്ങുകളാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്. ഇവിടെ കുടിവെള്ളം ലഭിച്ചുകൊണ്ടിരുന്ന പൊതുടാപ്പുകള്‍ പഞ്ചായത്ത് നിര്‍ത്തലാക്കിയിരുന്നു. ഇതോടെയാണ് ദാഹമകറ്റാന്‍ വെള്ളം കിട്ടാതെ കുരങ്ങുകള്‍ വലയാന്‍ തുടങ്ങിയത്.
ശാസ്താംകോട്ടയിലെ പൊതുടാപ്പുകള്‍ കുരങ്ങുകള്‍ സ്വയംതുറന്നായിരുന്നു വെള്ളം കുടിച്ചുകൊണ്ടിരുന്നത്. തടാകത്തിലേക്ക് ഇവ പോകാറില്ല. ടാപ്പുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്ന കുടിവെള്ളം വഴിമുട്ടിയതോടെ വെള്ളത്തിനായി ഇവ വീടുകളിലേക്ക് കയറാന്‍ തുടങ്ങി.
വീടിന് പുറത്തുള്ള ടാപ്പുകള്‍ തുറന്നു വെള്ളംകുടിച്ചശേഷം കടന്നുകളയുകയാണ് ചെയ്യുന്നത്. ടാപ്പുകള്‍ തുറന്നിട്ട് പോകുന്നതിനാല്‍ വീട്ടുകാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ ജലനഷ്ടമാണുണ്ടാകുന്നത്. ഇതേ കൂടാതെ
കൂട്ടമായെത്തുന്ന കുരങ്ങുകള്‍ വീടുകളിലെ ടാപ്പുകള്‍ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്.
ജലനഷ്ടത്തിന് പുറമെ വലിയ സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്യുന്നതോടെ ജനങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. മനക്കര, രാജഗിരി, ആഞ്ഞിലിമൂട് എന്നിവടങ്ങളിലാണ് കുരങ്ങുകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്.