കൊല്ലം: മോഡല്‍ പരീക്ഷയ്ക്ക് തൊപ്പി ധരിച്ച് ഹാളിലേക്ക് പ്രവേശിച്ചതിനെ ചോദ്യം ചെയ്ത അധ്യാപകനെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മര്‍ദ്ദിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം പരവൂര്‍ ഊന്നിന്മൂടിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.
തൊപ്പി വെച്ച് മോഡല്‍ പരീക്ഷ എഴുതുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയോട് തൊപ്പി ഊരിവെക്കാന്‍ അധ്യാപകന് ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ത്ഥി ഇതിന് വഴങ്ങിയില്ല. തൊപ്പി ഊരിവെച്ചാല്‍ മാത്രമേ പരീക്ഷ എഴുതാന്‍ അനുവദിക്കൂ എന്നും ഊരിവെച്ചില്ലെങ്കില് പരീക്ഷാഹാളില്‍ നിന്ന് ഇറക്കിവിടുമെന്നു എന്നും അധ്യാപകന് ആവര്‍ത്തിച്ചു.
ഇതോടെ ക്ഷുഭിതനായ വിദ്യാര്‍ത്ഥി ഡസ്കിനു മുകളിലേക്ക് ചാടിക്കയറുകയും അധ്യാപകനെ ചവിട്ടി താഴെയിടുകയും ചെയ്തു. തുടര്‍ന്ന് നിലത്ത് വീണ അധ്യാപകനെ അടിക്കുകയും ചവിട്ടുകയും ചെയ്തു. വിവരമറിഞ്ഞ് എത്തിയ സ്കൂള്‍ അധികൃതര്‍ പരുക്കേറ്റ അധ്യാപകനെ ഉടനെ പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം പോലീസിനെ വിവരമറിയിച്ചു. വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.