മാനന്തവാടി: വയനാട്ടില്‍ പകല്‍ സമയങ്ങളില്‍ ക്രമാതീതമായി ചൂട് ഉയരുന്നു. ഇതോടെ ജില്ലയില്‍ സൂര്യതാപ ഭീഷണി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് പേര്‍ക്ക് സൂര്യതാപമേറ്റിരുന്നു. ജില്ലയിലെ നിര്‍മ്മാണമേഖലയിലും മറ്റും പകല്‍ സമയം ജോലി ക്രമീകരണം നടത്തി ഉത്തരവിറക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ലേബര്‍ ഓഫീസറോട് ആവശ്യപ്പെട്ടു.
മെയ് 31 വരെ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് മണിവരെ ജോലിയില്‍ ഇളവ് അനുവദിക്കാന്‍ ലേബര്‍ ഓഫീസ് ഇടപെടണമെന്നാണ് ആവശ്യം. സൂര്യാഘാതമേല്‍ക്കാന്‍ സാധ്യതയേറെ ഉള്ളതിനാല്‍ തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെ തുറസായ സ്ഥലത്ത് അധ്വാനിക്കുന്നവര്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്.
കാലാവസ്ഥ മാറ്റമാണ് വയനാട്ടില്‍ പകല്‍ ചൂട് വര്‍ധിക്കാന്‍ കാരണം. മേപ്പാടിയിലും വാളാടും ജോലിക്കിടെ സൂര്യാതപമേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയിട്ടുണ്ട്. ഉച്ചസമയങ്ങളില്‍ സൂക്ഷിക്കണമെന്നും ശരീരത്തിലെ ജലാംശം നിലനിര്‍ത്തണമെന്നും ആരോഗ്യവകുപ്പും നിര്‍ദേശം നല്കി.