ശാസ്താംകോട്ട: സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും പ്രതിരോധകുത്തിവയ്പെടുത്ത അഞ്ചുവയസ്സുകാരന്റെ തുടയില്‍ കുത്തിവയ്പ് സൂചി കുടുങ്ങി. കുത്തിവെയ്പിലെ അശ്രദ്ധകാരണം രണ്ടാഴ്ചയോളമാണ് നീറുന്ന വേദനയോടെ കാലില്‍ സൂചിയുമായി കുട്ടി നടന്നത്.
മൈനാഗപ്പള്ളി കടപ്പ നജീബ് മന്‍സിലില്‍ നജീബിന്റെയും നിജിനയുടെയും മകന് ആദിലിന്റെ ശരീരത്തില്‍നിന്നാണ് സൂചി ലഭിച്ചത്. കാലിന് പഴുപ്പ് ബാധിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ശസ്ത്രക്രിയ വേണ്ടിവരുന്നതിനാല്‍ കുട്ടിയെ തിരുവനന്തപുരം എസ്എടി. ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.
ജനുവരി 23-നായിരുന്നു സംഭവം. രാവിലെ മൈനാഗപ്പള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ നിന്നും കുട്ടിക്ക് പ്രതിരോധകുത്തിവെയ്പ് എടുത്തിരുന്നു. അടുത്ത ദിവസംമുതല്‍ കുട്ടിയുടെ കാലില്‍ അസഹ്യമായ വേദനയും നീരുമുണ്ടായി. തുടര്‍ന്ന് 28-ന് വീണ്ടും ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടപ്പോള്‍ വേദന ശമിക്കാനായി മരുന്നുനല്‍കി വിട്ടയച്ചു.
മരുന്ന് കഴിച്ചിട്ടും വേദനയും നീരും കുറയാതെ വരികയും കുട്ടിക്ക് കാല് നിലത്തുകുത്താന്‍ കഴിയാത്ത സ്ഥിതിയാവുകയും ചെയ്തു. പിന്നീട് മരുന്ന് പുരട്ടുന്നതിനിടയിലാണ് സൂചി പുറത്തേക്ക് തള്ളിയിരിക്കുന്നതായി അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അത് വലിച്ചെടുത്ത് ഇവര്‍ കുട്ടിയുമായി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി.
കാലില്‍ പഴുപ്പുള്ളതിനാല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ആരോഗ്യ അധികൃതരുടെ കുത്തിവയ്പിലെ അശ്രദ്ധയാണ് സൂചി അകത്തുകടക്കാന്‍ കാരണമായതെന്ന് ആരോപണമുയര്‍ന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്കി.