കൊല്ലം: പ്രതിശ്രുത വധുവിന്റെ കുടുംബത്തില്‍ നിന്ന് ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. മുണ്ടയ്ക്കല്‍ ടിആര്‍എ 94 ശ്രീവിലാസത്തില്‍ സുജിത്തിനെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.അമ്മയുടെ ചികിത്സയ്ക്കെന്ന പേരിലാണ് പ്രതി പണം തട്ടിയെടുത്തത്.
എം ടെക് സോഫ്ട്വെയര് എന്‍ജിനിയര്‍ എന്ന നിലയില്‍ മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം നല്‍കിയാണ് തിരുവനന്തപുരം മേനംകുളം സ്വദേശിയായ യുവതിയുമായി സുജിത്ത് കഴിഞ്ഞവര്‍ഷം ജനുവരി 23ന് കഠിനംകുളത്തുവച്ച് വിവാഹം ഉറപ്പിച്ചത്.
അന്നേദിവസം ഒന്നരപവന്റെ ബ്രെയ്സ്ലെറ്റ് യുവതി സുജിത്തിനെ അണിയിച്ചിരുന്നു. ഒക്ടോബര്‍ 23ന് തൃശൂര്‍ കളക്ടറേറ്റില്‍ ഓഫീസ് അസിസ്റ്റന്റായി തനിക്ക് ജോലി ലഭിച്ചെന്ന് സുജിത്ത് യുവതിയെ തെറ്റിദ്ധരിപ്പിച്ചു. ശേഷം നിയമന ഉത്തരവ് വാട്ട്സ് ആപ്പ് സന്ദേശമായി അയക്കുകയും ചെയ്തു. ഇതിനു ശേഷമായിരുന്നു തട്ടിപ്പ് തുടങ്ങിയത്.
തന്റെ അമ്മ ആശുപത്രിയിലാണെന്നും ചികിത്സയ്ക്കായ് പണം വേണമെന്നും കള്ളം പറഞ്ഞ് ഇയാള്‍ വധുവിന്റെ വീട്ടുകാരില്‍ നിന്നും അഞ്ച് തവണകളായി 5.99 ലക്ഷം രൂപ വാങ്ങി. താത്കാലിക ആവശ്യത്തിനെന്ന് പറഞ്ഞ് യുവതിയില്‍ നിന്നും ടാബും വാങ്ങിയിരുന്നു. എന്നാല്‍ അത് തിരികെ നല്‍കിയില്ല.
യുവാവിനെക്കുറിച്ച് സംശയം തോന്നിയ പെണ്‍വീട്ടുകാര്‍ രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ സുജിത്തിന് ജോലി ലഭിച്ചിട്ടില്ലെന്നും നിയമന ഉത്തരവ് വ്യാജമാണെന്നും കണ്ടെത്തി. ഇതോടെ വിവാഹത്തിന് താത്പര്യമില്ലെന്നും സ്വര്‍ണവും പണവും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു. പണം നല്‍കാതെ ഇയാള്‍ ഒഴിഞ്ഞുമാറിയതോടെ യുവതിയുടെ അമ്മ കൊല്ലം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വഞ്ചന, കബളിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ തെറ്റായ വിവരങ്ങള്‍ നല്കല്, വ്യാജ രേഖ ചമയ്ക്കല്‍, വിവിധ ആശയവിനിമയ മാര്‍ഗങ്ങളിലൂടെ ഒരാളെ പിന്തുടര്ന്ന് നിരന്തരമായി ശല്യപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സുജിത്തിനെ അറസ്റ്റ് ചെയ്തത്. സുജിത്തിന്റെ കുടുംബത്തിന് തട്ടിപ്പില്‍ പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായതെന്ന് പോലീസ് പറയുന്നു. ഇയാളുടെ വിദ്യാഭ്യാസ യോഗ്യതയും വ്യാജമാണോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.