തിരുവനന്തപുരം: പ്രളയത്തില്‍ നനഞ്ഞ് ചീഞ്ഞ നെല്ലും അരിയും കഴുകി പോളിഷ് ചെയ്തു വിപണിയിലേക്ക് എത്തിക്കാനുള്ള സാധ്യതകള്‍ തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കു മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പ്രളത്തില്‍ കേടായ ടണ്‍ കണക്കിന് അരിയും നെല്ലും തമിഴ്നാട്ടിലെ അരി മില്ലുകളിലേക്കും കാലിത്തീറ്റ ഫാക്ടറികളിലേക്കും കടത്തിയെന്ന് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത്തരം കേടായ അരി കന്നുകാലികള്‍ക്ക് പോലും നല്‍കരുതെന്ന് നേരത്തെ ഹൈക്കോടതി പറഞ്ഞിരുന്നു. അരിയും നെല്ലും ലേലം ചെയ്തു കൊടുത്തത് എറണാകുളം കാലടിയിലെ സൈറസ് ട്രേഡേഴ്സിനാണെന്നു മുഖ്യമന്ത്രിയുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇവ തിരുച്ചിറപ്പള്ളിയിലെ ഏജന്‍സിക്കു കൊടുത്തതായും അത് അവിടെനിന്നു കോയമ്പത്തൂരിലേക്ക് അയച്ചതായാണു വിവരം. ഇങ്ങനെ ചീഞ്ഞ രൂപത്തില്‍ നാടുകടന്ന അരി രൂപം മാറി വീണ്ടും കേരളത്തിലേക്ക് എത്താന്‍ സാധ്യത വളരെ കൂടുതലാണ്. ഇത് കണക്കിലെടുത്താണു മുഖ്യമന്ത്രിയുടെ ഇടപെടല്‍.