കൊച്ചി: യാത്രക്കാര്‍ക്ക് ആശ്വാസമേകി ട്രെയിനുകളുടെ വേഗത കൂട്ടുന്നു. എറണാകുളം- കായംകുളം (ആലപ്പുഴ വഴി) റെയില്‍പാതയിലെ ട്രെയിനുകളുടെ വേഗതയാണ് വര്‍ധിപ്പിക്കുന്നത്. ഇതിനായി ലൂപ്പ് ലൈനുകളിലെ വേഗപരിധി 15ല്‍ നിന്നു 30 കിലോമീറ്ററായി ഉയര്‍ത്താനുളള ശുപാര്‍ശ തിരുവനന്തപുരം റെയില്‍വെ ഡിവിഷന്, റെയില്‍വെ മുഖ്യസുരക്ഷാ കമ്മിഷണര്‍ക്ക് സമര്‍പ്പിച്ചു.
പ്രധാനപാതയില്‍ നിന്നു തിരിഞ്ഞ് പോകുന്ന പാതകളാണ് ലൂപ്പ് ലൈനുകള്‍. വൈകിയോട്ടം കുറയ്ക്കാനുളള നടപടികളുടെ ഭാഗമായാണ് ലൂപ്പിലെ വേഗത കൂട്ടുന്നത്. മെയിന്‍ലൈന്‍ പ്ലാറ്റ്ഫോം ഇല്ലാത്ത സ്റ്റേഷനുകളില്‍ ലൂപ്പ് ലൈനുകളിലെ വേഗം കൂട്ടുന്നത് ട്രെയിനുകളുടെ യാത്രാസമയം കുറയ്ക്കും. ലൂപ്പ് ലൈന്‍ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ നിര്‍ത്തിയെടുക്കാന്‍ ഏറ്റവും കുറഞ്ഞത് 10 മിനിറ്റ് വേണമെങ്കിലും വേഗം കൂട്ടുന്നതോടെ ഇതിനു 5 മിനിറ്റില്‍ താഴെ സമയം മതിയാകും.
ലൂപ്പ് ലൈനുകളില്‍ വേഗം കൂട്ടുന്നതിനു മുന്നോടിയായി ഭാരം കൂടിയ ഗുഡ്സ് ട്രെയിന്‍ ഉപയോഗിച്ചുളള പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസം നടത്തി. എറണാകുളം-കായംകുളം (ആലപ്പുഴ വഴി) പാതയ്ക്ക് പുറമേ തിരുനെല്‍വേലി- തിരുവനന്തപുരം പാതയിലും ലൂപ്പ് വേഗം വര്‍ധിപ്പിക്കുന്നുണ്ട്.