കൊച്ചി: മകരവിളക്ക് കാലത്ത് ശബരിമലയില്‍ ദര്‍ശനത്തിനായി കൂടുതല്‍ യുവതികള്‍ എത്തിയേക്കാമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കാന്‍ ഒരുങ്ങി പോലീസ്. യുവതികള്‍ എത്തുന്ന സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
മകരവിളക്ക് തീരും മുന്‍പ് തന്നെ യുവതികളുമായി ശബരിമല ചവിട്ടുമെന്ന് കേരളത്തിലെ വിവിധ കൂട്ടായ്മകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ശബരിമല ദര്‍ശനത്തിനായി ചെക്ക് റിപ്പബ്ലിക്കില്‍ നിന്ന് 42 പേര് എത്തും. 20 സ്ത്രീകളും 22 പുരുഷന്മാരുമടങ്ങുന്ന സംഘം ഈയാഴ്ച കന്യാകുമാരിയിലെത്തി അവിടെ നിന്ന് ഇരുമുടികെട്ടുമായി മല ചവിട്ടാന്‍ തയ്യാറെടുക്കുന്നുണ്ട്.
കനക ദുര്‍ഗയും ബിന്ദും സന്നിധാനത്ത് പ്രവേശിച്ചതിനാല്‍ ആദിവാസി, ദളിത് യുവതികളുടെ നേതൃത്വത്തില്‍ ജനുവരി ആദ്യവാരം സന്നിധാനത്തേക്ക് പോകാനുള്ള തീരുമാനം ഉപേക്ഷിച്ചതായി കണ്‍വീനര്‍ എം ഗീതാനന്ദന് വ്യക്തമാക്കി. എന്നാല്‍ മകരവിളക്കിന് ശേഷം യുവതികളെ പ്രവേശിപ്പിക്കാനാണ് ഇവരുടെ പുതിയ തീരുമാനം.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സമരം ശക്തമാക്കാന്‍ ശബരിമല കര്‍മ സമിതിയും തീരുമാനിച്ചിട്ടുണ്ട്. തന്ത്രിക്ക് പിന്തുണ നല്‍കാനും യുവതികളുടെ പ്രവേശം വിലക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി വലിയ പ്രചാരണങ്ങള്‍ സംഘടിപ്പിക്കാനും സമിതി ഒരുങ്ങുകയാണ്.