പനമരം: മകളുടെ വിദ്യാഭ്യാസാവശ്യത്തിനായി എടുത്ത ലോണ്‍ തിരിച്ചടക്കാനാവാതെ വയനാട്ടില്‍ നിര്‍ധനകുടുംബം കുടിയിറക്ക് ഭീഷണിയില്‍. പുല്‍പ്പള്ളി ഉദയാക്കവല അമ്മിണിയുടെ കുടുംബമാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. പഠനാവശ്യത്തിനായി എടുത്ത ലോണ്‍ തിരിച്ചടക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തില്‍ ഇവരുടെ മകള്‍ ആത്മഹത്യ ചെയ്തിരുന്നു.
അമ്മിണിയുടെ മകള്‍ നിമിഷ വിദ്യാഭ്യാസ ആവശ്യത്തിനായി എസ്ബിഐ കാപ്പിസെറ്റ് ശാഖയില്‍ നിന്ന് 1.28 ലക്ഷം രൂപയാണ് വായ്പയായി എടുത്തത്. എന്നാല്‍ നിര്‍ധനരായ കുടുംബത്തിന് പണം തിരിച്ചടക്കാന്‍ സാധിച്ചില്ല. ഈ മനോവിഷമത്തില്‍ മകള്‍ നാല് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് അമ്മിണി പറഞ്ഞു.
നിലവില്‍ പലിശയടക്കം അഞ്ച് ലക്ഷത്തോളം രൂപ തിരിച്ചടക്കണമെന്നാണ് ബാങ്ക് അധികൃതര്‍ ഇവരെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ നിത്യ ജീവിതം പോലും മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത കുടുംബത്തെ ഇത് വന്‍ പ്രതിസന്ധിയിലാക്കുന്നു. പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മറച്ച കൂരയും മകളുടെ മരണത്തിന് ശേഷം മാനസിക ബുദ്ധിമുട്ടനുഭവിക്കുന്ന ഗൃഹനാഥനായ വേലായുധനും പ്രായമായ അമ്മയുമാണ് ഇന്ന് അമ്മിണിയുടെ ആകെ സമ്പാദ്യം.
ചികിത്സക്കും നിത്യജീവിതം നയിക്കാനുമായി ഇവര്‍ പെടാപാടുപെടുകയാണ്. അമ്മിണി ലോട്ടറി വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇവരുടെ ജീവിതം മുന്നോട്ട് പോവുന്നത്. അതിനിടെയാണ് ബാങ്കില്‍ നിന്നും വായ്പയുടെ പേരില്‍ അധികൃതരുടെ ഭീഷണി. ഭീഷണി ഇനിയും തുടരുകയാണെങ്കില്‍ കൂട്ട ആത്മഹത്യയല്ലാതെ കുടുംബത്തിന് മുന്നില്‍ മറ്റൊരു വഴിയില്ലെന്നും അമ്മിണി പറയുന്നു.