കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമാണെന്ന വ്യാജേനെ നിക്ഷേപകരില്‍ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനം തട്ടിയെടുത്തത് 150 കോടിയോളം രൂപ. എറണാകുളത്ത് എംജി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കേരള ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്.
സംസ്ഥാനത്ത് ആകമാനം ഈ സ്ഥാപനത്തിന് 28 ശാഖകളുണ്ടായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചവരേയും, ഉടന്‍ വിരമിക്കാന്‍ ഇരിക്കുന്നവരേയുമാണ് ഈ സ്ഥാപനം പ്രധാനമായും തട്ടിപ്പിന് ഉന്നം വെച്ചത്. സര്‍ക്കാര്‍ സ്ഥാപനം എന്ന പ്രതീതി സൃഷ്ടിച്ച് ഏജന്റ്മാര്‍ വഴി നിക്ഷേപകരെ കണ്ടെത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്.
തട്ടിപ്പിന് ഇരയായവര്‍ പരാതിയുമായി പോലീസിനെ സമീപിക്കാന്‍ തുടങ്ങിയതോടെ അന്വേഷണം ശക്തമാക്കി. ആദ്യ മാസങ്ങളില്‍ 14 ശതമാനം വരെ പലിശ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് പലിശയും മുതലും നല്‍കാത്ത അവസ്ഥയെത്തിയതോടെ ഇവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. ശേഷം മുഖ്യമന്ത്രി പരാതി അന്വേഷണത്തിനായി എറാണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറി.
ഇതോടെ നൂറോളം പരാതികളാണ് ലഭിച്ചിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തില്‍ സ്ഥാപനത്തിന്റെ ജനറല്‍ മാനേജര്‍ അറസ്റ്റിലായിട്ടുണ്ട്. മാനേജിങ് ഡയറക്ടര്‍ അടൂര്‍ സ്വദേശിയായ ജി ഉണ്ണികൃഷ്ണന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.