തിരുവനന്തപുരം: കേരളത്തെ തകര്‍ത്തെറിഞ്ഞ മഹാപ്രളയത്തിന്റെ ഭാഗമായി വയനാട്, കുട്ടനാട് എന്നിവിടങ്ങളിലെ ഭൂപ്രകൃതിക്ക് സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിനെ(എന്‍സിഇഎസ്എസ്)ക്കൊണ്ട് പഠനം നടത്തിക്കണമെന്ന് ആവശ്യപ്പെട്ടു. നിയമസഭാസമിതിയുടെ എസ്റ്റിമേറ്റ് കമ്മിറ്റി റിപ്പോര്‍ട്ടിലാണ് പഠനത്തിന്റെ ആവശ്യം ഉന്നയിച്ചത്.
പഠനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ ഭൂവിനിയോഗനയം രൂപപ്പെടുത്തണം. ദുരന്തപ്രതിരോധവും മാനേജ്മെന്റും പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സമിതി സഭയില്‍വച്ചത് വയനാട്ടിലെയും കുട്ടനാട്ടിലെയും നഷ്ടങ്ങളും അനന്തരപ്രവര്ത്തനങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് . പ്രളയത്തില്‍ പൂര്‍ണമായോ ഭാഗികമായോ വീട് തകര്‍ന്നവര്‍ക്ക് ദുരന്തനിവാരണ സമിതിയില്‍നിന്ന് ആവശ്യമായ സഹായം നല്‍കണം. ഭൂമി വീണ്ടുകീറിയതുമൂലം ഉപയോഗശൂന്യമായ വീടുകളില്‍ ഉള്ളവരുടെ നഷ്ടം ദുരന്തത്തില്‍ ഉള്‍പ്പെടുത്തി അവരെ പുനരധിവസിപ്പിക്കണം. വയനാട്ടിനായി പ്രത്യേക കാര്‍ഷിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.
വയനാട്ടിലെ കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണുണ്ടായത്. പ്രളയത്തിന്റെ ഉയരം ഓരോ മേഖലയിലും പഞ്ചായത്തുകളിലും രേഖപ്പെടുത്തി സൂക്ഷിക്കണം. വയനാട്ടിലെ വനപ്രദേശങ്ങളിലെ അനധികൃതനിര്‍മാണം തടയണം. കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തണം. ജലത്തിന്റെ ഗുണനിലവാര പരിശോധനയും വേണം. കുട്ടനാട്ടില്‍ മണ്ണിന്റെ ആരോഗ്യം എന്നേക്കുമായി നിലനിര്‍ത്തുന്ന തരത്തില്‍ ദീര്‍ഘകാല വിള പദ്ധതിയും ജൈവകൃഷി രീതിയും ആവിഷ്കരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.