ശബരിമല: തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന കാനനപാതയില്‍ കാട്ടാനശല്യം രൂക്ഷമായതോടെ കരിമലപാതയില്‍ സന്ധ്യയ്ക്കു ശേഷമുളള യാത്രയ്ക്ക് നിരോധനം. കാട്ടാനകള്‍ ഉപദ്രവകാരികളായതിനാല്‍ സൂക്ഷിക്കണമെന്നു വനംവകുപ്പ് അറിയിച്ചു. സന്നിധാനത്തില്‍ ഉരക്കുഴി, പാണ്ടിത്താവളം, പമ്പയ്ക്കും നിലയ്ക്കലിനും മധ്യേ പ്ലാന്തോട്, ഇലവുങ്കല്‍, പ്ലാപ്പള്ളി, ളാഹ, പുല്ലുമേട്, കരിമല പാതയില്‍ വലിയാനവട്ടം എന്നിവിടങ്ങളിലാണു കാട്ടാനകളുടെ സാന്നിധ്യമുള്ളത്.
കരിമലപാതയിലൂടെ കാല്‍നടയായി എത്തുന്ന തീര്‍ത്ഥാടകരെ വൈകിട്ട് 5ന് മുന്‍പ് പമ്പയില്‍ എത്താന്‍ കഴിയുന്ന വിധത്തില്‍ ഉച്ചയ്ക്ക് ഒരുമണി വരെ മാത്രമേ അഴുതയില്നിന്നു കരിമലയിലേക്കു കടത്തിവിടുകയുള്ളു. വൈകിട്ട് 5 കഴിഞ്ഞാല്‍ കാനനപാതയില്‍ കാണുന്ന കടകളില്‍ തങ്ങി രാവിലെ മാത്രമേ യാത്ര തുടരാവൂ എന്നാണ് വനംവകുപ്പു നല്കുന്ന മുന്നറിയിപ്പ്.
മണ്ണാരക്കുളഞ്ഞി പമ്പ റോഡില്‍ നിലയ്ക്കലിനും ളാഹയ്ക്കും മധ്യേയാണു കാട്ടാനകളുടെ ശല്യം ഏറെയുള്ളത്. സന്ധ്യയാകുമ്പോള്‍ റോഡിലും അടുത്തുള്ള കാടുകളിലും ഇവ എത്തും. വളവുകളുള്ള ഇടങ്ങളില്‍ വാഹനം തൊട്ടുമുന്പില് എത്തിയാലേ ആനകളെ കാണാന്‍ കഴികയുള്ളൂ. ഇത് ഏറെ അപകടമുണ്ടാക്കുന്നു.
ഉപദ്രവകാരികളായ ആനകളെ ഓടിക്കുന്നതിനു പ്രത്യേക പരിശീലനം നേടിയ എലഫന്റ് സ്ക്വാഡുകളെ ഒരുക്കിയിട്ടുണ്ട്. പുല്ലുമേട്, സന്നിധാനം, പമ്പ, പ്ലാപ്പള്ളി, ളാഹ എന്നിവിടങ്ങളിലാണ് ഇവരുള്ളത്. കരിമല പാതയില്‍ മുക്കുഴി, വലിയാനവട്ടം എന്നിവിടങ്ങളില്‍ ഓരോ എലഫന്റ് സ്ക്വാഡ് കൂടി തുടങ്ങാന്‍ പദ്ധതിയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഇത്രയേറെ ആനശല്യമില്ലായിരുന്നു.
ആനക്കൂട്ടത്തിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്ട്രോള് റൂമില്‍ വിവരമറിയിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉടനെ എലിഫെന്റ് സ്ക്വാഡ് എത്തി ആനയെ കാട്ടിലേയ്ക്കു കയറ്റിവിട്ട് അയ്യപ്പന്മാരുടെ സുരക്ഷ ഉറപ്പാക്കും. ശരണവഴികളില്‍ എവിടെയെങ്കിലും വന്യമൃഗ സാന്നിധ്യം അറിഞ്ഞാല്‍ വനപാലകര്‍ സ്ഥലത്തെത്തും. അവശ്യഘട്ടത്തില്‍ മയക്കുവെടി വയ്ക്കാനുള്പ്പടെയുള്ള സംവിധാനങ്ങളും സജ്ജമാണ്.
തീര്‍ത്ഥാടകരുടെ കാനന പാതയിലെ യാത്ര സുഗമമാക്കുന്നതിന് പമ്പയിലും സന്നിധാനത്തുമായി 40 വനംവകുപ്പ് ഉദ്യോഗസ്ഥരുള്ള കണ്ട്രോള് റൂമുകളാണ് ഉള്ളത്. കൂടാതെ വനമേഖലയില്‍ പലയിടങ്ങളിലായി 28 ജീവനക്കാരെയും വനംവകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്. കണ്ട്രോള് റൂമില്‍ സന്ദേശം ലഭിച്ചാലുടന്‍ സ്ഥലത്ത് എത്തുന്ന തരത്തിലാണു സ്ക്വാഡുകളുടെ പ്രവര്‍ത്തനം. കൂടാതെ ഉരുക്കുഴി, പാണ്ടിത്താവളം, കുന്നാര്‍ ഡാം ഉള്‍പ്പടെയുള്ള മേഖലകളിലും സ്ക്വാഡുകളുടെ പട്രോളിങ് ഉണ്ട്.
കാനന പാതയില്‍ കാട്ടാനയെ കണ്ടാല്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ്;
1 വാഹനം 100 മീറ്റര്‍ അകലെ നിര്‍ത്തണം.
2 50 മീറ്ററിനുള്ളിലാണെങ്കില്‍ ആനയുടെ ആക്രമണം ഉണ്ടാകാന്‍ സാധ്യത.
3 വാഹനത്തിന്റെ ലൈറ്റ് ഓഫാക്കി ആനയ്ക്കു കടന്നുപോകാനുളള അവസരം ഒരുക്കുക.
3 കാട്ടിലേയ്ക്ക് ഇറങ്ങിയതായി ഉറപ്പു വരുത്തിയേ വാഹനം മുന്നോട്ട് എടുക്കാവു.
4 കരിമല, പുല്ലുമേട് പാതയിലൂടെ കാല്‍നടയായി വരുന്നവര്‍ നടവഴിമാറി വനത്തിലൂടെ കയറി നടക്കരുത്.
5 വളരെ ശ്രദ്ധയോടെ പരിസരം വീക്ഷിച്ചുമാത്രം യാത്ര ചെയ്യുക.
6 ഭക്ഷണ അവശിഷ്ടങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കരുത്.
7 ഭക്ഷണ സാധനങ്ങള്‍ വനത്തിലേക്കു വലിച്ചെരിയരുത്.
8 പ്ലാസ്റ്റിക് അടക്കം ഒന്നും വനത്തില്‍ ഇടാതിരിക്കുക.
9 വന്യജീവിയെ കാണുന്ന പക്ഷം പ്രകോപിപ്പിക്കാന്‍ മുതിരരുത്.
കണ്ട്രോള് റൂമുകളുടെ ഫോണ്‍ നമ്പറുകള്‍ പമ്പ-0473 5203492, സന്നിധാനം-0473 5202077. കാനന പാത വഴി ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വഴിതെറ്റിയാലും ഈ നമ്പറില്‍ ബന്ധപ്പെട്ടാല്‍ സഹായത്തിന് ആളെത്തും.