കൊച്ചി: മിന്നല്‍ പണിമുടക്ക് നടത്തിയ ജീവനക്കാര്‍ക്കെതിരെ കെഎസ്ആര്‍ടിസിക്ക് സ്വമേധയാ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി. ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി കെഎസ്ആര്‍ടിസി തേടേണ്ടതില്ലന്നും കോടതി നിര്‍ദേശിച്ചു.
ഒക്ടോബര്‍ 16 നാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ 4 മണിക്കൂര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്പിച്ചതിനെതിരെയായിരുന്നു പണിമുടക്ക്. പണിമുടക്ക് നടത്തിയതിലൂടെ കെഎസ്ആര്‍ടിസിക്ക് ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം ഉണ്ടാകുകയും യാത്രക്കാര്‍ വലയുകയും ചെയ്തത് ചൂണ്ടിക്കാട്ടി പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷനാണ് കോടതിയെ സമീപിച്ചത്.
പണിമുടക്കില്‍ ഏര്‍പ്പെട്ട ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ കെഎസ്ആര്‍ടിസിക്ക് പരാതി സമര്‍പ്പിച്ചിരുന്നു. ഇതില്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ മിന്നല്‍ പണിമുടക്ക് നടത്തിയ 102 ജീവനക്കാര്‍ക്ക് എതിരെ നടപടി എടുക്കാന്‍ തയാറാണെങ്കിലും സര്‍ക്കാരിന്റെ അനുമതി തേടേണ്ടതുണ്ടന്ന് കെഎസ്ആര്‍ടിസി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
ഇതേതുടര്‍ന്നാണ് നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് കോടതി കെഎസ്ആര്‍ടിസി അറിയിച്ചത്. ഹരജിക്കാര്‍ നല്കിയ പരാതിയില്‍ ഒരു മാസത്തിനകം കെഎസ്ആര്‍ടിസി തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശം നല്കി.