തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ തമിഴ്നാടിനായി വെട്ടംതെളിച്ച് കേരളത്തിന്റെ കെഎസ്ഇബി ജീവനക്കാര്‍. വൈദ്യുതിവകുപ്പിലെ നൂറ് ജീവനക്കാരടങ്ങിയ സംഘമാണ് തമിഴ്നാട്ടിലെ ദുരന്തമേഖലകളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ജോലികള്‍ ഏറ്റെടുത്ത് നടത്തുന്നത്.
വൈദ്യുതിബന്ധം പൂര്‍ണമായും വിച്ഛേിദിക്കപ്പെട്ട തഞ്ചാവൂര്‍ ജില്ലയിലാണ് ഇവരുടെ പ്രവര്‍ത്തനം. പുതുക്കോട്ട, ഗന്ധര്‍വക്കോട്ട തുടങ്ങി ഇടങ്ങള്‍ ഒറ്റപ്പെട്ടുപോയ അവസ്ഥയിലാണ്. ഏഴുദിവസമായി ഇവിടെ വൈദ്യുതി ഇല്ലാതായിട്ട്. ഈ പ്രദേശങ്ങളിലാണ് പ്രധാനമായും കെഎസ്ഇബിയുടെ സഹായമെത്തുന്നത്. 2500 പോസ്റ്റുകളാണ് ഈ മേഖലയില്‍ ഒടിഞ്ഞുവീണത്.
പുതുക്കോട്ടയിലെ ട്രാന്‍സ്ഫോമറുകള്‍ മിക്കവയും നശിച്ചു. കാട്ടാക്കട ഡെപ്യൂട്ടി സിഇ മോസസ് രാജകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണികള്‍ക്ക് നേതൃത്വംകൊടുക്കുന്നത്. നാല് വാഹനങ്ങള്‍, ടിഎംആര്‍ മീറ്റര്‍ ടെസ്റ്റിങ് യൂണിറ്റ്, എന്‍ജിനീയറിങ് യൂണിറ്റ് എന്നിവയടക്കം പൂര്‍ണസജ്ജമായാണ് ടീം പ്രവര്‍ത്തിക്കുന്നത്. നിരവധി എ.ഇ.മാരും കരാര്‍ ജീവനക്കാരം സംഘത്തിലുണ്ട്.
എല്ലാ പണികളും ആദ്യം മുതല്‍ തുടങ്ങേണ്ട അവസ്ഥയിലായിരുന്നു പല പ്രദേശങ്ങളുമെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. ജോലിക്ക് ആവശ്യമായ സാധനങ്ങള്‍ തമിഴ്നാട് സര്‍ക്കാര്‍ എത്തിച്ചുകൊടുക്കുന്നുണ്ട്. തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സംസ്ഥാന വൈദ്യുതിബോര്‍ഡ് ഈ ദൗത്യം ഏറ്റെടുത്തത്.