തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടമുണ്ടായ തമിഴ്നാടിന് സഹായ ഹസ്തവുമായി കേരളം. തമിഴ്നാട്ടിലെ ജനങ്ങളെ സഹായിക്കുന്നതിന് അവശ്യസാധനങ്ങള്‍ കേരളത്തില്‍ നിന്നും എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ദുരിതം അനുഭവിക്കുന്ന തമിഴിനാട്ടിലെ സഹോദരങ്ങള്‍ക്കൊപ്പം കേരളവുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗജ ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ തിരുവാരുര്‍, നാഗപട്ടണം എന്നീ ജില്ലകളിലേക്ക് അത്യാവശ്യസാധനങ്ങള്‍ കേരളത്തില്‍ നിന്നും എത്തിക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി , തമിഴ്നാട് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി അധികൃതരുമായി ആശയവിനിമയം നടത്തി.
ടാര്‍പ്പാളിന്‍, മെഴുകുതിരി, വെള്ളം, ഉണക്കി സൂക്ഷിക്കാവുന്ന ഭക്ഷണം, പുതിയ വസ്ത്രങ്ങള്‍ എന്നിവ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും ചേര്‍ന്ന് ദുരിത ബാധിത മേഖലയിലേക്ക് എത്തിക്കാനുള്ള സംവിധാനമൊരുക്കി.