ആലപ്പുഴ: തമിഴ്നാട്ടില്‍ വന്‍ നാശം വിതച്ച ഗജ ചുഴലിക്കാറ്റ് ആലപ്പുഴയുടെ വടക്കന്‍ മേഖലയിലും ആഞ്ഞടിച്ചു. 156 വീടുകള്‍ ഭാഗികമായും 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. ആലപ്പുഴ ചേര്‍ത്തല താലൂക്കിലെ തൈക്കാട്ടുശ്ശേരി, പാണാവള്ളി, പട്ടണക്കാട്, വയലാര്‍, എഴുപുന്ന, മാരാരിക്കുളം വില്ലേജുകളെയാണ് ഗജ വിറപ്പിച്ചത്. ആര്‍ക്കും പരിക്കില്ല.
വെള്ളിയാഴ്ച വൈകീട്ട് ആഞ്ഞടിച്ച കാറ്റില്‍ ഒട്ടേറെ വീടുകളുടെ മേല്‍ക്കൂര പറന്നുപോയി. കാര്‍ഷികമേഖലയില്‍ കനത്ത നാശമുണ്ടായി. തൈക്കാട്ടുശ്ശേരി വില്ലേജിലെ പൂച്ചാക്കല്‍ തേവര്‍വട്ടം ഭാഗങ്ങളിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. ഇവിടെ 144 വീടുകള്‍ തകര്‍ന്നു. മരങ്ങള്‍വീണ് 200 പോസ്റ്റുകള്‍ ഒടിഞ്ഞു. അരക്കോടി രൂപയുടെ നഷ്ടം വൈദ്യുതി വകുപ്പിന് മാത്രമുണ്ടായി.
പല പ്രദേശങ്ങളിലും ശനിയാഴ്ച വൈകീട്ടും വെളിച്ചമെത്തിയിട്ടില്ല. സ്കൂള്‍ കെട്ടിടങ്ങള്‍, മതിലുകള്‍, പള്ളികള്‍ എന്നിവയ്ക്കു കേടുപാടുണ്ടായി. ചേര്‍ത്തല-അരൂക്കുറ്റി റൂട്ടില്‍ മരം വീണ് മുടങ്ങിയ ഗതാഗതം പുനഃസ്ഥാപിച്ചു. ഇടറോഡുകളില്‍ ഇതുവരെ തടസ്സം നീക്കിയിട്ടില്ല.ഗജ ന്യൂനമര്‍ദമായി രൂപപ്പെട്ട് കേരളതീരത്ത് തന്നെയുണ്ട്. അതിനാല്‍ ആലപ്പുഴയുടെ തീരമേഖലയിലുള്ളവര്‍ ഇപ്പോഴും ആശങ്കയിലാണ്. ഈ മാസം 20 വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് ജില്ലാഭരണകൂടത്തിന്റെ മുന്നറിയിപ്പ്.