കൊച്ചി; ഗജ ചുഴലിക്കാറ്റില്‍ വിറച്ച് കൊച്ചിയും. ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റില്‍ കൊച്ചി തീരത്ത് വന്‍ നാശനഷ്ടം. കാറ്റിനെത്തുടര്‍ന്ന് ഫോര്‍ട്ട്കൊച്ചി കടപ്പുറത്ത് ശക്തമായ തിരമാലകള്‍ ആഞ്ഞടിച്ചത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. കാറ്റിനൊപ്പം ഉയര്‍ന്ന ശക്തമായ തിരമാല കടല്‍ഭിത്തികള്‍ കടന്ന് തീരങ്ങളിലേക്ക് കടന്നതോടെ കടല്‍ കാണാനെത്തിയവരും കച്ചവടക്കാരും ഭയന്നോടി.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. ഒന്നരമണിക്കൂര്‍ നേരമാണ് കാറ്റ് വീശിയത്. അപ്രതീക്ഷിതമായി ഉയര്‍ന്ന തിരമാലകള്‍ കണ്ട് വിദേശികളും മറ്റ് സഞ്ചാരികളും നാട്ടുകാരും കച്ചവടക്കാരുമെല്ലാം പരിഭ്രാന്തരായി ഓടിമാറുകയായിരുന്നു. ഇതോടെ അഴിമുഖത്തും കായലിലും സര്‍വ്വീസ് നടത്തുന്ന യാത്രാബോട്ടുകളുടെ പ്രവര്‍ത്തനം കുറേനേരത്തേയ്ക്ക് നിര്‍ത്തിവെച്ചു.
കടല്‍ക്ഷോഭം രൂക്ഷമായി. ഇതേതുടര്‍ന്ന് തീരദേശവാസികള്‍ താമസം മാറി. പല വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വൈപ്പിന്‍ എളങ്കുന്നപ്പുഴ,ചെറായി, മുനമ്പം തുടങ്ങിയ മേഖലകളില്‍ കടല്‍ക്കാറ്റും കടല്‍ക്ഷോഭവും രൂക്ഷമായി. കടല്‍ പ്രക്ഷുബ്ദമായതോടെ കൊച്ചിയില്‍ നിന്നുപോയ മത്സ്യബന്ധന ബോട്ടുകള്‍ പലതും തിരിച്ചുവന്നു.
ശക്തമായ കാറ്റില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. കാറ്റില്‍ വലിയ മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മറ്റും നാശനഷ്ടമുണ്ടായി. ഗതാഗതം തടസപ്പെടാനും ഇത് കാരണമായി. വൈറ്റിലയില്‍ ട്രാന്‍സ്ഫോര്‍മറിന് തീപിടിച്ചത് ജനങ്ങളെ ആശങ്കയിലാക്കി. പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങി. വ്യാപക കൃഷി നാശവുമുണ്ടായി. ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്നലെ എറണാകുളത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.