തിരുവനന്തപുരം: വാഹനം മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള വാക്കു തര്‍ക്കത്തിനിടെ ഡിവൈഎസ്പി പിടിച്ച് തള്ളിയ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവശേഷം ഹരികുമാര്‍ ഒളിവില്‍ പോയിരിക്കുകയാണ്.
കൊടങ്ങാവിളയില്‍ ഇന്നലെ രാത്രിയാണ് സംഭവം. കാവുവിള സ്വദേശി സനല്‍കുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്റെ വാഹനത്തിന് തടസമായി കാര്‍ പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലിനെ മര്‍ദ്ദിക്കുകയായിരുന്നു.
വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്സാക്ഷികള്‍ ആരോപിക്കുന്നു. എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സനലിനെ ആശുപത്രിയിലെത്തിക്കാന്‍ നില്‍ക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് പോവുകയായിരുന്നു.
ജീവനുണ്ടായിരുന്ന സനലിനെ ആംബുലന്‍സില്‍ പോലീസ് നെയ്യാറ്റിന്‍കര സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ട് പോയതെന്നും നാട്ടുകാര്‍ പറയുന്നു. ഇതോടെ ഡിവൈഎസ്പിക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് നാട്ടുകാര്‍ രാത്രി റോഡ് ഉപരോധിച്ചിരുന്നു. സമീപത്തെ കടയിലെ സിസിടിവിയില്‍ നടന്നതെല്ലാം പതിഞ്ഞിട്ടുണ്ട്.
ഇന്ന് പ്രദേശത്ത് ജനകീയ സമരസമിതി ഹര്‍ത്താലാണ്. മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. ഇലക്ട്രീഷ്യനായിരുന്നു സനല്‍. ഭാര്യയും രണ്ടു മക്കളുമുണ്ട്.