തിരുവനന്തപുരം: അപകടത്തില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യ നിലയില്‍ നല്ല പുരോഗതി. സംസാരിച്ചു തുടങ്ങിയതായാണ് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. മരുന്നുകളോടും പ്രതികരിച്ചു തുടങ്ങിയ ലക്ഷ്മിയെ ഐസിയുവില്‍ നിന്നും മാറ്റി. അപകടത്തിലെ പരിക്കുകള്‍ ഭേദമാകാനും മുറിവ് ഉണങ്ങാനും സമയമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
ലക്ഷ്മിയെ കാണാന്‍ നിരവധി പേര് ആശുപത്രിയില്‍ എത്തുന്നുണ്ട്. എന്നാല്‍, സന്ദര്‍ശനം ചികിത്സയ്ക്ക് തടസമുണ്ടാക്കുന്നതിനാല്‍ ആരെയും കാണാന്‍ അനുവദിക്കില്ല. ലക്ഷ്മിക്ക് ആരെയെങ്കിലും കാണുകയോ സംസാരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ അനുവദിക്കുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ആരോഗ്യനില പൂര്‍ണമായും വീണ്ടെടുക്കുമ്പോള്‍ ലക്ഷ്മിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്നും അറിയിച്ചു.
ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിയുടെ ആരോഗ്യനില അന്വേഷിച്ചു നിരവധി ഫോണ്‍കോളുകള്‍ ഇപ്പോഴും ആശുപത്രിയില്‍ എത്തുന്നുണ്ട്. കഴിഞ്ഞ മാസം അവസാനത്തിലായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്കറിന്റെ മകള്‍ തേജസ്വിനി ബാല തത്ക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിനാണു മരണത്തിനു കീഴടങ്ങിയത്. പരുക്കേറ്റ ലക്ഷ്മി ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്. മകളും ഭര്‍ത്താവും മരിച്ച വിവരം പിന്നീടാണ് ലക്ഷ്മിയെ അറിയിച്ചത്. യാഥാര്‍ത്ഥ്യങ്ങളോട് ഇപ്പോള്‍ പൊരുത്തപ്പെട്ടു വരികയാണു ലക്ഷ്മി.