കോഴിക്കോട്: വഴിയാത്രക്കാരനെ തടഞ്ഞ് വെച്ച് പഴ്സ് തട്ടിപ്പറിച്ച മൂന്നംഗ സംഘം പിടിയില്‍. മഞ്ചേരി മേച്ചേരി സനോജ്, മാറാട് മുണ്ടുപാടം അബ്ദുള്‍ കരീം, കോട്ടക്കല്‍ തോട്ടുങ്ങല്‍ ഷെരീഫ് ഇവരെ കസബ പോലീസ് സബ് ഇന്‍സ്പെക്ടര്‍ സിജിത്തും പോലീസ് സംഘവുമാണ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കോഴിക്കോട് പാവമണി റോഡില്‍ നിന്നും കോട്ടപ്പറമ്പ് ടിബിഎസ് ബുക്ക് സ്റ്റാളിലേക്കുള്ള ക്രോസ് റോഡിലൂടെ പുസ്തകം വാങ്ങുന്നതിനായി പോവുകയായിരുന്ന ബാലുശ്ശേരി സ്വദേശി റിന്‍ഷാദ് ജസിനെ ഇടവഴിയില്‍ വച്ച് തടഞ്ഞ് പാന്റിന്റെ പായ്ക്കറ്റില്‍ നിന്നും 2300 രൂപ അടങ്ങിയ പേഴ്സ് സംഘം പിടിച്ചു പറിച്ച് ഓടുകയായിരുന്നു.
ബഹളം വെച്ച് പിന്നാലെ ഓടിയ റിന്‍ഷാദും സമീപത്തുള്ള നാട്ടുകാരുടെ സഹായത്താല്‍ മോഷ്ടാക്കളെ പിടികൂടി വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സംഘത്തിന്റെ കയ്യില്‍ നിന്നും പരാതിക്കാരന്റെ പഴ്സും പണവും പോലീസ് കണ്ടെടുത്തു.
പ്രതികള്‍ക്കെതിരെ പിടിച്ചു പറിക്കം പോക്കറ്റടിക്കും കസബ സ്റ്റേഷനിലും ടൗണ്‍ സ്റ്റേഷനിലുമായി മുന്നോളം കേസുകള്‍ നിലവിലുണ്ട്. സംഘം സമാന കുറ്റകൃത്യങ്ങള്‍ക്ക് റിമാന്റില്‍ കഴിഞ്ഞു വരവെ ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങള്‍ ചെയ്തു വരുന്നതിനിടെയാണ് പോലീസ് പിടിയിലായത്.