കോഴിക്കോട്: ശബരിമല ദര്‍ശനത്തിനെത്തിയതിന്റെ പേരില്‍ ബിന്ദു തങ്കം കല്യാണിയ്ക്ക് വിലക്ക്. വാടകവീട്ടിലും ജോലി സ്ഥലത്തുമാണ് വിലക്കുള്ളത്. പ്രവേശന ശ്രമം കഴിഞ്ഞ് എത്തിയ ബിന്ദുവിനോട് വാടക വീട്ടില്‍ കയറേണ്ടെന്ന് വീട്ടുടമ പറയുകയായിരുന്നു. വീടിനു നേരെ ആക്രമണമുണ്ടാകുമെന്ന് ഭയന്നാണ് വീട്ടുടമ ഇക്കാര്യം അറിയിച്ചതെന്നാണ് ബിന്ദു പറയുന്നത്.
അതിനു പിന്നാലെ അറിയിപ്പ് കിട്ടിയ ശേഷം ഇനി ജോലിക്ക് ഹാജരായാല്‍ മതിയെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചതായും ബിന്ദു പറയുന്നു. ചേവായൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും എത്തി പ്രതിഷേധം അറിയച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി സ്കൂളിലേക്ക് വരേണ്ടെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചത്.
സ്കൂളില്‍ ഇംഗ്ലിഷ് അധ്യാപികയാണ് ബിന്ദു. ഫ്ലാറ്റ് വാസികള്‍ പ്രതിഷേധിച്ചതോടെ അഭയം തേടിയ സുഹൃത്തിന്റെ ഫ്ലാറ്റില്‍ നിന്നും ഇറങ്ങേണ്ടി വന്നതായും ബിന്ദു പറയുന്നു. ഈ സാഹചര്യം എങ്ങനെ തരണം ചെയ്യണമെന്നറിയാതെ കുഴയുകയാണ് ബിന്ദു. ഇപ്പോള്‍ പോലീസ് സംരക്ഷണം തേടിയിരിക്കുകയാണ്. തുലാമാസ പൂജ കഴിഞ്ഞ് നട അടയ്ക്കാനിരിക്കെ തിങ്കളാഴ്ചയാണ് ബിന്ദു ശബരമല ദര്‍ശനത്തിനായി എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം ലഭിക്കാതെ മടങ്ങുകയായിരുന്നു.