പത്തനംതിട്ട: ശബരിമലയില്‍ യുവതി പ്രവേശിച്ചുവെന്ന സംശയത്തില്‍ പ്രതിഷേധക്കാന്‍ തടഞ്ഞത് 52 കഴിഞ്ഞ സ്ത്രീയെ. താന്‍ 50 കഴിഞ്ഞതാണെന്നും, തെളിവുകള്‍ നിരത്തിയിട്ടും ഒരു സംഘം ആളുകള്‍ തനിയ്ക്ക് നേരെ തിരിയുകയും ആക്രമിക്കുകയും ചെയ്തെന്ന് അവര്‍ നിറകണ്ണുകളോടെ പറഞ്ഞു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിനിയായ ലതയ്ക്കാണ് ദുരനുഭവം.
ആക്രമണം കലശലായതോടെ പോലീസ് സുരക്ഷാ വലയത്തിലാണ് ഇവര്‍ പതിനെട്ടാം പടി കയറി ദര്‍ശനം നടത്തിയത്. ഐഡന്റിറ്റികാര്‍ഡ് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയിട്ടും അക്രമിസംഘം ഇവരെ പിന്തുടരുകയും ഭയപ്പെടുത്തുകയുമായിരുന്നു. മകനും ഭര്‍ത്താവിനുമൊപ്പമാണ് ലത ദര്‍ശനത്തിനെത്തിയത്. രണ്ടാം തവണയാണ് ലത ശബരിമലയില്‍ എത്തുന്നത്. പോലീസ് സുരക്ഷയില്‍ പതിനെട്ടാം പടി കയറിയ ലത പോലീസ് സുരക്ഷയോടെ തന്നെയാണ് വലംവെച്ചതും. ഇവര്‍ കാനനപാതിലൂടെ നടപ്പന്തല്‍ വരെ എത്തിയ സമയങ്ങളില്‍ യാതൊരു വിധ ബുദ്ധിമുട്ടുകളോ പ്രതിഷേധങ്ങളോ ഉണ്ടായിരുന്നില്ല.
എന്നാല്‍ നടപ്പന്തലിലെത്തിയപ്പോള്‍ ഇവര്‍ക്കുനേരെ ഒരുകൂട്ടം ഉറക്കെ ശരണം വിളിച്ച് രംഗത്തുവരികയായിരുന്നു. 50 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് നേരത്തെ തന്നെ സുഗമമായി ദര്‍ശനം നടത്താന്‍ സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം ആളുകള്‍ക്കുപോലും പോലീസ് വലയത്തില്‍ പ്രാര്‍ത്ഥിക്കേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്. ഇത് ഭക്തിയുടെ ഭീകരത എന്നു മാത്രമെ പറയാനാകൂ എന്ന് സമൂഹം ഒന്നടങ്കം പറയുന്നു.