പമ്പ: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുമതിച്ച സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലേയ്ക്ക് യുവതികള്‍ ഒഴുകിയെത്തുകയാണ്. കഴിഞ്ഞ ദിവസം ആക്ടിവിസ്റ്റായി രഹ്ന ഫാത്തിമ ശബരിമല സന്ദര്‍ശിക്കാനെത്തിയത് വന്‍ വിവാദങ്ങളിലേയ്ക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെ കൂടുതല്‍ ആക്ടിവിസ്റ്റുകളായ യുവതികള്‍ ശബരിമലയിലേയ്ക്ക് എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ശബരിമയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
വരാന്‍ സാധ്യതയുള്ള പത്തോളം യുവതികളുടെ വീടുകള്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുകയാണ്. ഇവര്‍ ആരും ഇതുവരെ വീടുകളില്‍നിന്ന് ഇറങ്ങിയിട്ടില്ലെന്നു മുതിര്‍ന്ന ഓഫീസര്‍മാര്‍ക്കു വിവിധ ജില്ലകളിലെ ഇന്റലിജന്‍സ് വിഭാഗം വിവരം കൈമാറി. ശബരിമല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ നിരോധനാജ്ഞ നട അടക്കുംവരെ നീട്ടിയതോടെ സന്നിധാനവും പരിസരവും കനത്ത സുരക്ഷാവലയത്തിലാണ്. പ്രതിഷേധക്കാര്‍ ഇപ്പോഴും സന്നിധാനം ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ പോലീസ് ജാഗ്രതയിലാണ്.
സന്നിധാനത്തു യുവതികള്‍ വന്നാല്‍ നടയടയ്ക്കുമെന്ന കണ്ഠര് രാജീവരുടെ പ്രഖ്യാപനം കോടതിവിധിയുടെ ലംഘനമാണെന്നു ദേവസ്വം ബോര്‍ഡംഗം കെപി ശങ്കര്‍ദാസ് പറഞ്ഞു. യാഥാര്‍ഥ്യം അറിയാമായിരുന്നിട്ടും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും ചിലരുടെ രാഷ്ട്രീയ അജന്‍ഡയ്ക്കു വേണ്ടി നിന്നുകൊടുക്കുകയാണെന്നും ശങ്കര്‍ദാസ് ആരോപിച്ചു.