തിരുവനന്തപുരം: കനത്ത മഴയുണ്ടാവുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെ കെഎസ്ഇബിയുടെ അധീനതയിലുള്ള ഡാമുകളിലെ നീരൊഴുക്കും ജലനിരപ്പും നിരീക്ഷിച്ച് യുക്തമായ നടപടികള്‍ സ്വീകരിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കാനും മാട്ടുപ്പെട്ടി, പൊന്മുടി, കുണ്ടള ഡാമുകളില്‍നിന്ന് പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ആവശ്യമെങ്കില്‍ ഉയര്‍ത്താനും തീരുമാനിച്ചു.
കൃത്യമായ നിരീക്ഷണത്തിനും ഏകോപനത്തിനുമായി കെഎസ്ഇബി ഡാം സേഫ്റ്റി ചീഫ് എന്‍ജിനിയറെ ചുമതലപ്പെടുത്തി. തമിഴ്നാടിന്റെ അധീനതയിലുള്ള ഡാമുകളിലെ ജലനിരപ്പ് ഏകദേശം പൂര്‍ണമായതിനാല്‍ ഷോളയാര്‍ ഡാമിന്റെ ഒരു ഷട്ടറും പെരിങ്ങല്‍കുത്ത് ഡാമിന്റെ രണ്ട് ഗേറ്റും തുറന്ന് ചെറിയതോതില്‍ വെള്ളം ഒഴുക്കിത്തുടങ്ങിയിട്ടുണ്ട്. ഇടമലയാര്‍ ഡാമിന്റെ ജലനിരപ്പ് ഇപ്പോള്‍ 160 മീറ്റര്‍ താഴെയാണെങ്കിലും ഡാമിന്റെ ഗേറ്റുകള്‍ തുറന്നുവയ്ക്കും.
വയനാട് ജില്ലയിലും കോഴിക്കോട് ജില്ലയിലും യെല്ലോ അലര്‍ട്ട് ആയതിനാല്‍ ബാണാസുരസാഗര്‍ ഡാമില്‍നിന്നും കുറ്റ്യാടി ഡാമില്‍നിന്നും ആവശ്യമെങ്കില്‍ വെള്ളം കുറേശ്ശ പുറത്തേയ്ക്ക് ഒഴുക്കും. ശബരിമലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുകൂടി കണക്കിലെടുത്താകും പമ്പ, കക്കി ഡാമുകളില്‍നിന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുക.
ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധിനിരപ്പില്നിന്ന് 15 അടി കുറവാണ്. എന്നാല്‍പോലും ആവശ്യമെങ്കില്‍ വെള്ളം ഒഴുക്കിവിടും. അതിനുമുമ്പ് ജില്ലാ ഭരണാധികാരികളെയും ദുരന്തനിവാരണ അതോറിറ്റിയെയും അറിയിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കെഎസ്ഇബി നിര്‍ദേശം നല്കി.
കെഎസ്ഇബിയുടെയും ജലവിഭവ വകുപ്പിന്റെയും എല്ലാ ഡാം സൈറ്റിലും ഉപഗ്രഹ ഫോണുകള്‍ ലഭ്യമാക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കാര്യാലയത്തിലെ ഉപഗ്രഹ ഫോണ്‍, കക്കി ആനത്തോട് ഡാം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് താല്‍ക്കാലികമായി നല്‍കും.