തിരുവനന്തപുരം: വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയ വയലിനിസ്റ്റ് ബാലഭസ്കറിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അവസാനമായി ഒരു നോക്കു കാണാന്‍ കലാകേരളം ഒന്നടങ്കമാണ് എത്തിയത്. എന്നാല്‍ പ്രിയതമന്റെയും പിഞ്ചോമനയുടെയും അവസാന യാത്രയില്‍ ലക്ഷ്മിയ്ക്കായില്ല. അപകടത്തില്‍ സാരമായി പരിക്കേറ്റ് ലക്ഷ്മി ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് തിരുമല വിജയമോഹിനി മില്ലിന് സമീപത്തെ ഹിരണ്മയ വീട്ടില്‍ നിന്ന് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. ശേഷം വിലാപയാത്രയായി തൈയ്ക്കാട് ശാന്തി കവാടത്തിലെത്തിച്ച ബാലഭാസ്കറിന്റെ മൃതദേഹം 11.15 മണിയോടെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുകയിയാരുന്നു. മന്ത്രിമാരായ ഇപി ജയരാജന്, കെകെ ശൈലജ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
സുരേഷ് ഗോപി എംപി തുടങ്ങി രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും സംഗീത ലോകത്തെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമുള്‍പ്പെടെ വന്‍ജനാവലി ബാലഭാസ്കറിന് അന്ത്യോപചാരം അര്‍പ്പിച്ചു. ബാലഭാസ്കറിന്റെ മാതാപിതാക്കളായ ശാന്തകുമാരിയും സികെ ചന്ദ്രനും ലക്ഷ്മിയുടെ മാതാപിതാക്കളായ ഓമനകുമാരിയും സുന്ദരേശന് നായരും സഹോദരി മീരയും ഉറ്റബന്ധുക്കളും അന്ത്യോപചാരം അര്‍പ്പിക്കവേ വിങ്ങിപ്പൊട്ടി. ഇവരുടെ ദു:ഖം കണ്ടുനിന്നവരുടെ കണ്ണുകളേയും ഈറനണിയിച്ചു.