തിരുവനന്തപുരം: പ്രളയം നാശം വിതച്ച ചെങ്ങന്നൂരില്‍ സ്വന്തം ജീവന് പണയംവെച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളി വാഹനാപകടത്തില്‍ മരിച്ചു. പൂന്തുറ സ്വദേശിയായ ജിനീഷ് ജെറോണ്‍ (23) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പൂവാര്‍ ഉച്ചക്കട ഭാഗത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ ജിനീഷ് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു.
സുഹൃത്തിനൊപ്പം തമിഴ്നാട് ഭാഗത്തേക്ക് പോവുകയായിരുന്ന ജിനീഷും സുഹൃത്തും സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ജിനീഷിന്റെ അരയ്ക്ക് താഴെക്കൂടെ എതിരെ വന്ന ലോറിയുടെ ചക്രം കയറി ഇറങ്ങി. ഉടന്‍ തന്നെ നാട്ടുകാര്‍ ജിനീഷിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.