തിരുവനന്തപുരം: പ്രളയത്തെ അതിജീവിച്ചതോര്ക്കുമ്പോള് കേരളക്കാരുടെ മനസ്സിലേക്ക് ആദ്യമെത്തുക പങ്കായം പിടിച്ച കൈകളെയാണ്. വിളിക്കാതെ ഓടിയെത്തി ,രാപകലില്ലാതെ ജീവന്രക്ഷാപ്രവര്ത്തനത്തിലേര്പ്പെട്ട കടലിന്റെ മക്കള്‍ കേരളത്തെ പിടിച്ചുയര്‍ത്തിയത് ലോകത്തിന്റെ തന്നെ നെറുകയിലേക്കാണ്. മത്സ്യത്തൊഴിലാളികളുടെ കൂട്ടായ്മയോടെയുള്ള പ്രവര്‍ത്തനത്തെ വാനോളമുയര്ത്തുകയായിരുന്നു മന്ത്രി കെകെ ശൈലജ.
സംസ്ഥാന ആയുഷ് വകുപ്പ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. തീരദേശത്തെ ആയുഷ് ആശുപത്രികള്‍ മെച്ചപ്പെടുത്തുമെന്നും തീരദേശ ആശുപത്രികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങള്‍ പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചു. ബോധവല്‍ക്കരണം മാധ്യമങ്ങളും ജനങ്ങളും ഏറ്റെടുത്തു. എലിപ്പനിയും നിയന്ത്രണവിധേയമായി.
മത്സ്യത്തൊഴിലാളികള്‍ക്ക് ആരോഗ്യകിറ്റ് വിതരണംചെയ്ത മന്ത്രി തീരദേശ വാസികള്‍ക്കായി സംഘടിപ്പിച്ച ആയുര്‍വേദ, ഹോമിയോ, സിദ്ധ മെഗാ മെഡിക്കല്‍ ക്യാമ്പും ഉദ്ഘാടനം ചെയ്തു. ആയുഷ് സെക്രട്ടറി കേശവേന്ദ്രകുമാര്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ മേടയില്‍ വിക്രമന്, ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടര്‍ ഡോ. അനിത ജേക്കബ്, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. കെ ജമുന, ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. സി ഉഷകുമാരി, മത്സ്യത്തൊഴിലാളി രാജു തോമസ് എന്നിവര്‍ സംസാരിച്ചു.